Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്പത് പോലീസുകാരെ പ്രതികളാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി | നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ സമയത്ത് നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെ എ സാബു ഉള്‍പ്പെടെ എട്ട് പോലീസുകാരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. സാബുവാണ് ഒന്നാം പ്രതി. അന്നത്തെ ഇടുക്കി എസ് പി. വേണുഗോപാല്‍, ഡി വൈ എസ് പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. രാജ്കുമാറിനെതിരെ വ്യാജ തെളിവുകള്‍ പ്രതികളുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഏഴ് പൊലീസുകാരെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസുദ്യോഗസ്ഥ എന്നിവരെയാണ് സി ബി ഐ കേസില്‍ അധികമായി പ്രതി ചേര്‍ത്തത്. 2019 ജൂണ് 12ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ജൂണ് 21നാണ് ജയിലില്‍ വച്ച് മരിക്കുന്നത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. മര്‍ദനമേറ്റ അവശനായ രാജ്കുമാറിനെ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്യിച്ചത്.
ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് കേസ് ഒതുക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ബന്ധുക്കള്‍ മുറവിളി കൂട്ടിയതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. എസ് ഐ. സാബു അടക്കം ഏഴ് പോലീസുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിലെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെട്ടതോടെ ജൂലൈ നാലിന് സമാന്തര അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. തുടര്‍ന്ന് കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തി. മരണം ന്യൂമോണിയ മൂലമാണെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ടാം റിപ്പോര്‍ട്ട്. ആദ്യ റിപ്പോര്‍ട്ടില്‍ സര്‍ജന്‍മാര്‍ ബോധപൂര്‍വം കൃത്രിമം കാണിച്ചതാണെന്നും കമ്മീഷന്‍ കണ്ടെത്തി.

---- facebook comment plugin here -----

Latest