Connect with us

Covid19

കൊവിഡ് വ്യാപനം; ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സഊദി

Published

|

Last Updated

ദമാം | ആഗോള വ്യാപകമായി കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കിയതോടെ ആരോഗ്യ മുന്‍കരുതല്‍ നടപടിള്‍ സ്വീകരിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി ഇന്ത്യ, യു എ ഇ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്പത് മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കും യു എ ഇക്കും പുറമെ ഈജിപ്ത്, ലെബനാന്‍, തുര്‍ക്കി, യു എസ്, യു കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതും, വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം വര്‍ധിച്ചതുമാണ് യാത്രാ നിരോധനത്തിന് കാരണം. ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡിസംബറില്‍ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ജനുവരി ആദ്യവാരത്തില്‍ വിലക്ക് പിന്‍വലിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി

ദുബൈയില്‍ കഴിയുന്നത് നൂറുകണക്കിന് ഇന്ത്യക്കാര്‍
ഇന്ത്യയില്‍ നിന്നും സഊദിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 2020 മാര്‍ച്ച് 14 മുതല്‍ നിര്‍ത്തല്‍ ചെയ്തതോടെ മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരാണ് സഊദിയിലെത്തുന്നതിനായി ദുബൈയിലെത്തിയത്. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ദുബൈ ട്രാന്‍സിറ്റ് ഹബായി നിരവധി പേര്‍ക്ക് ആശ്വാസമാവുകയും ചെയ്തിരുന്നു. സഊദിയിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇവരുടെ സന്ദര്‍ശന വിസ നീട്ടുകയോ അല്ലെങ്കില്‍ തിരികെ ഇന്ത്യയിലേക്ക് മടങ്ങിപ്പോവുകയോ ചെയ്യേണ്ട അവസ്ഥയിലാണ്.

പ്രതിദിന കൊവിഡ് വ്യാപനം മുന്നൂറിന് മുകളില്‍
സഊദിയില്‍ പ്രതിദിന കൊവിഡ് വ്യാപനത്തില്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചു. 290 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിയാദ് 124, കിഴക്കന്‍ പ്രവിശ്യ 58, മക്ക 52, മദീന 13, അല്‍-ഖസീം 12, അസീര്‍ 11, വടക്കന്‍ അതിര്‍ത്തി മേഖല 9, അല്‍ബാഹ 6, ജീസാന്‍ 6, നജ്‌റാന്‍ 5, തബൂക്ക് 5, അല്‍ജൗഫ് 3, ഹാഇല്‍ 2 എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായി ഇതുവരെ 6386 പേരാണ് മരിച്ചത്. 2,159 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരില്‍ 379 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം