ജനാധിപത്യത്തിന് മേല്‍ ബൂട്ട് പതിയുമ്പോള്‍

പ്രക്ഷോഭ സമരങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് ഇല്ലാതാക്കിയ പഴയ ചരിത്രം ഇവിടെ വിലപ്പോകില്ല. കാരണം കര്‍ഷകര്‍ ജാതി- മതാടിസ്ഥാനത്തില്‍ സംഘടിച്ചവരല്ല. ധനിക-ഇടത്തരം-നാമമാത്ര കര്‍ഷകരും തൊഴിലാളികളും വര്‍ഗമെന്ന രീതിയില്‍ ഐക്യപ്പെട്ടിരിക്കുകയാണ്. വര്‍ഗീയ വിഭജനം അവിടെ അസാധ്യമാണ്.
Posted on: February 3, 2021 4:03 am | Last updated: February 3, 2021 at 12:50 am

കോര്‍പറേറ്റ് ദാസന്മാരായ ഇന്ത്യന്‍ ഭരണകൂടം കര്‍ഷകസമരത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ അതിനിഷ്ഠൂരമായ അക്രമങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഒരുവശത്ത് കര്‍ഷകവിരുദ്ധ നിയമങ്ങളിന്‍മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും സമവായങ്ങളും ഉണ്ടാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന പൊതുബോധം ഉണ്ടാക്കുകയും മറുവശത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ഹീനമായ ശ്രമമാണ് സംഘ്പരിവാര്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. കഴിഞ്ഞ ദിവസം സിംഘു അതിര്‍ത്തിയിലുണ്ടായ സംഭവം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. മുഖംമൂടി ധരിച്ച ഒരുപറ്റം ക്രിമിനലുകള്‍ സമാധാനമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മേല്‍ നിഷ്ഠൂരമായി ആക്രമണം നടത്തുകയായിരുന്നു. അക്രമം നടത്തുന്ന ക്രിമിനലുകള്‍ക്ക് സമര കേന്ദ്രത്തിലേക്ക് കടന്നുവരാന്‍ ഡല്‍ഹി പോലീസ് വഴിയൊരുക്കുന്നതിന്റെ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. കര്‍ഷകരെ ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിക്കുന്നത് കൈയുംകെട്ടി നോക്കിനിന്ന ഡല്‍ഹി പോലീസ്, അക്രമികളെ ചെറുത്ത കര്‍ഷകരെ മര്‍ദിച്ചൊതുക്കുന്നതാണ് നാം കണ്ടത്. ഇരുപതോളം പോലീസുകാര്‍ ഒരു കര്‍ഷകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും അടികൊണ്ട് നിലത്തുവീണ കര്‍ഷകന്റെ മുഖത്ത് ബൂട്ട്‌കൊണ്ട് ചവിട്ടിമെതിക്കുന്നതുമായ ദൃശ്യങ്ങള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഏല്‍പ്പിച്ച ആഘാതം അത്ര പെട്ടെന്നൊന്നും മായാന്‍ പോകുന്നില്ല.

കേന്ദ്ര സര്‍ക്കാറിനെതിരായിട്ടുള്ള സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സംഘ്പരിവാര്‍ സ്വീകരിക്കുന്ന പതിവ് രീതിതന്നെ കര്‍ഷക സമരമുഖത്തും പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ജനുവരി 27ാം തീയതിയാണ് ഘാസിപൂരിലെ സമര കേന്ദ്രം ഒഴിപ്പിക്കുന്നതിനുള്ള വലിയ പരിശ്രമം സംഘ്പരിവാര്‍ ഗുണ്ടകളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയത്. 26ാം തീയതി അര്‍ധരാത്രിയോടെയാണ് പോലീസ് നീക്കത്തിന്റെ വിവരം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അന്നുതന്നെ വൈദ്യുതിബന്ധം പൂര്‍ണമായും വിഛേദിച്ചു. സമര വളണ്ടിയര്‍മാര്‍ക്ക് വേണ്ടി കരുതിയിരുന്ന കുടിവെള്ള വിതരണം പൂര്‍ണമായും നിര്‍ത്തി. താത്കാലിക ടോയ്‌ലറ്റ് സംവിധാനം പോലും പോലീസ് എടുത്തുമാറ്റി. സമരം തുടരാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതിനാണ് പോലീസ് ഗുണ്ടകളുടെ സഹായത്തോടെ ശ്രമിച്ചത്. വിവരമറിഞ്ഞ് ഞങ്ങളെല്ലാം ഘാസിപൂരിലെത്തി. സമരനേതാവായ രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുമായി ആയിരക്കണക്കിന് പോലീസുകാര്‍ തയ്യാറായി നില്‍ക്കുന്നതാണ് അവിടെ കണ്ടത്. പോലീസിന്റെ സമ്മര്‍ദത്തിന് വിധേയപ്പെട്ട് അറസ്റ്റ് വരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ബി ജെ പിയുടെ ഒരു എം എല്‍ എയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസുകാര്‍ സമര കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയത്. നേതാക്കളെ അറസ്റ്റുചെയ്ത ഉടനെ തന്നെ സമരം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ആക്രമിച്ച് പോലീസുകാരും ആര്‍ എസ് എസുകാരും അവിടെയുള്ള ടെന്റുകളെല്ലാം നീക്കി സമരം അടിച്ചമര്‍ത്താനായിരുന്നു പദ്ധതി. നൊടിയിട കൊണ്ട് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. സമരം അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞ ഉടനെ എന്തുവന്നാലും അറസ്റ്റിന് വിധേയപ്പെടാന്‍ മനസ്സില്ല എന്ന് എല്ലാവരും പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ വെടിവെക്കാനുള്‍പ്പെടെ ഉത്തരവിടാന്‍ അധികാരമുള്ള ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടെ വലിയ സംഘം പോലീസ് സേന സ്റ്റേജിലേക്ക് കയറിവന്നു. എന്നാല്‍ സമര സഖാക്കളുടെ ശക്തമായ ചെറുത്തുനില്‍പ്പിനു മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. പിന്‍വാങ്ങുമ്പോഴും, അര്‍ധരാത്രിയോടെ അറസ്റ്റു നടത്തി സമരം അവസാനിപ്പിക്കാം എന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സമരസമിതി ആഹ്വാനമനുസരിച്ച് ഉത്തര്‍ പ്രദേശിന്റെ ഗ്രാമാന്തരങ്ങളില്‍ നിന്ന് പതിനായിരക്കണക്കിനാളുകള്‍ രാത്രിയില്‍ തന്നെ സമര കേന്ദ്രത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. ഈ വരികളെഴുതുമ്പോള്‍ ഘാസിപൂരിലെ സമര കേന്ദ്രം സമര വളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവിടെ ജലവിതരണവും വൈദ്യുതിയും പുനഃസ്ഥാപിച്ചിരിക്കുന്നു. കുതന്ത്രങ്ങളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല എന്ന് കര്‍ഷകരുടെ സംഘശക്തി കോര്‍പറേറ്റുകളുടെ പാവസര്‍ക്കാറിനെ പഠിപ്പിച്ചിരിക്കുന്നു.

സമാനമായ സംഭവങ്ങളാണ് ഇതര സമര കേന്ദ്രങ്ങളിലും അരങ്ങേറിയത്. എല്ലായിടത്തും പ്രദേശവാസികളാണെന്ന വ്യാജേന മുഖംമൂടികളണിഞ്ഞ ആര്‍ എസ് എസ് ഗുണ്ടകളെ രംഗത്തിറക്കി സമരത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് ആസൂത്രണം ചെയ്തത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തകര്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന ഷാജഹാന്‍പൂരിലും സമാനമായ സ്ഥിതിയുണ്ടായി. പോലീസ് അറസ്റ്റിനൊരുങ്ങി. ട്രാക്ടര്‍ റാലിക്ക് കര്‍ഷകര്‍ പുറപ്പെട്ട സമയത്ത് സംഘ്പരിവാറിന്റെ ക്രിമിനല്‍ സംഘം ടെന്റുകള്‍ കൈയേറുന്ന സ്ഥിതിയുണ്ടായി. ചില ടെന്റുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വര്‍ധിത വീര്യത്തോടെ തിരിച്ചുവന്ന കര്‍ഷകര്‍ അവ വീണ്ടെടുത്തു. കര്‍ഷക സമരത്തെ ഫാസിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുന്നതിന് പോലീസും ആര്‍ എസ് എസും ഒത്തുചേര്‍ന്ന് ശ്രമിച്ചതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം പോലീസുകാരെ സാക്ഷിനിര്‍ത്തി കര്‍ഷകരുടെ താത്കാലിക സമര കേന്ദ്രങ്ങള്‍ ഗുണ്ടകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത കാരവന്‍ മാഗസിന്റെ പത്രപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. പോലീസിന്റെ കൃത്യനിര്‍വഹണത്തിന് മന്‍ദീപ് തടസ്സം നിന്നുവത്രേ. കര്‍ഷകരുടെ സമര കേന്ദ്രങ്ങള്‍ക്ക് സമീപം വലിയ കിടങ്ങുകള്‍ പോലീസുകാര്‍ നിര്‍മിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ മന്‍ദീപ് പുറത്തുവിട്ടിരുന്നു. ആര്‍ എസ് എസ് ഗുണ്ടകളുടെ അക്രമങ്ങള്‍ പകര്‍ത്തിയ മന്‍ദീപിന്റെ ക്യാമറ പിടിച്ചെടുത്ത് ദൃശ്യങ്ങളെല്ലാം നശിപ്പിച്ചു. കര്‍ഷക സമരം നീതിപൂര്‍വം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുമ്പോള്‍ സര്‍ക്കാറിനു വേണ്ടി അസത്യങ്ങളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കാന്‍ ഭൂരിപക്ഷം മാധ്യമങ്ങളും മത്സരിക്കുകയാണ്. ആദ്യഘട്ടത്തില്‍ സമരത്തോടൊപ്പം നില്‍ക്കുന്നു എന്ന് തോന്നിപ്പിച്ചിരുന്ന മിക്കവാറും മാധ്യമങ്ങള്‍ റിപ്പബ്ലിക് ദിന കര്‍ഷക റാലിയില്‍ അരങ്ങേറിയ അക്രമത്തെ മുന്‍നിര്‍ത്തി സമരത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നു. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി അടിയന്തരവാദം കേട്ട കോടതികള്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ മൗനം പാലിക്കുകയാണെന്ന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്.

നവംബര്‍ 26ന് ഡല്‍ഹി മാര്‍ച്ചും സത്യഗ്രഹവും ആരംഭിച്ചതിന് ശേഷം രണ്ട് മാസം പിന്നിട്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം വരെയുള്ള ദിവസങ്ങളില്‍ ഇരുനൂറോളം കര്‍ഷകരാണ് കൊടും ശൈത്യത്തില്‍ മരവിച്ച് മരിച്ചുവീണത്. ഇപ്പോഴും മരണപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുയര്‍ത്തിപ്പിടിച്ച മഹത്തായ ആദര്‍ശത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെ ഓര്‍മകള്‍ കൊടും തണുപ്പിലും പോരാട്ടത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. സമര കേന്ദ്രത്തില്‍ സേവനം ചെയ്തുകൊണ്ടിരുന്ന സിഖ് സന്യാസിയായ ബാബാ രാംസിംഗിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും സമര കേന്ദ്രം വൃത്തിയാക്കുന്നതിലുമാണ് ബാബാ രാംസിംഗ് മുഴുകിയത്. സിഖ് വിശ്വാസപ്രകാരമുള്ള സേവനമായിരുന്നു അത്. “അടിച്ചമര്‍ത്തുന്നത് പാപമാണ്, അതിന് വിധേയപ്പെടുന്നതും പാപമാണ്. സര്‍ക്കാര്‍ അനീതിയാണ് കാണിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ പാതകളില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നു. അവരെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ അനീതിയാണ് കാണിക്കുന്നത്. എനിക്കിത് സഹിക്കാനാകുന്നില്ല. പലരും ജീവിതത്തിലെ വിലപ്പെട്ട പലതും ഈ സമരത്തിനു വേണ്ടി സംഭാവന ചെയ്തു. ചിലര്‍ അവര്‍ക്കു കിട്ടിയ ഏറ്റവും മൂല്യവത്തായ അംഗീകാരങ്ങള്‍ പോലും തിരിച്ചുനല്‍കി. തിരിച്ചുനല്‍കാന്‍ എനിക്കെന്തുണ്ട് എന്നായിരുന്നു എന്റെ ചിന്ത. എന്റെ ജീവന്‍ തന്നെയാണ് അതിന് ഉത്തരമായി നല്‍കാനുള്ളത്’ എന്ന് എഴുതിവെച്ചാണ് ബാബാ രാംസിംഗ് ആത്മഹത്യ ചെയ്തത്. ആത്മഹത്യകള്‍ ബാബാ രാംസിംഗില്‍ ഒതുങ്ങിനിന്നില്ല.

കൊടിയ പീഡനങ്ങള്‍ സഹിച്ചും ആത്മത്യാഗം ചെയ്തും വളര്‍ന്നുവന്ന കര്‍ഷക സമരം രാജ്യമെങ്ങുമുള്ള പോരാളികള്‍ക്ക് ഒട്ടൊന്നുമല്ല ആവേശം പകര്‍ന്നത്. വളരെയധികം പ്രകോപനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. ബി ജെ പി. എം പിമാരും മന്ത്രിമാരും ആക്ഷേപങ്ങള്‍ വാരിയെറിഞ്ഞു. ഖലിസ്ഥാന്‍ ഭീകരവാദികളുടെ സമരമാണെന്ന ആക്ഷേപമായിരുന്നു ആദ്യം. പിന്നീട് ഏജന്റുമാര്‍ക്കു വേണ്ടിയുള്ള സമരവും മാവോയിസ്റ്റുകളുടെ സമരവുമായി. ആക്ഷേപങ്ങളെല്ലാം ഏറ്റുവാങ്ങിയിട്ടും കര്‍ഷക സമരം അനുദിനം കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒറ്റക്കെട്ടായി, പ്രകോപിതരാകാതെ, സമാധാനത്തോടെ സമര കേന്ദ്രങ്ങളില്‍ അണിനിരന്നു.

കര്‍ഷക സമരം നടക്കുന്ന സിംഘു ബോര്‍ഡറില്‍ പോലീസ് ബാരിക്കേഡിനുള്ളില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സമര വളണ്ടിയര്‍മാര്‍ക്ക് പുറമേ ബാരിക്കേഡ് വെച്ച് തടയാതെ യഥേഷ്ടം അഴിച്ചുവിട്ട മറ്റൊരു സംഘവും ഉണ്ടായിരുന്നു. കര്‍ഷക റാലിയില്‍ ഡല്‍ഹി പോലീസ് ആ സംഘത്തിന് പ്രത്യേക റൂട്ട് നിശ്ചയിച്ച് നല്‍കി. ചില സ്ഥലങ്ങളില്‍ ബാരിക്കേഡുകളും മറ്റും തകര്‍ത്ത് മുന്നേറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് അവരുടേതാണ്. എല്ലായിടത്തും പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. ചെങ്കോട്ടയിലെത്തി അവിടെ സിഖ് പതാക ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ പോലും ചുറ്റുമുള്ള കസേരകളില്‍ പോലീസുകാര്‍ കാഴ്ച കാണാനിരിക്കുകയായിരുന്നു. ആ ചിത്രങ്ങളൊക്കെ പിന്നീട് പുറത്തുവന്നു. ആസൂത്രിതമായാണ് അക്രമം നടന്നത്. ഭരണകൂടത്തിന്റെ പ്രോത്സാഹനം അക്രമികള്‍ക്ക് ഉണ്ടായിട്ടുണ്ട.് സമരത്തെ അടിച്ചമര്‍ത്താനുള്ള ഗൂഢപദ്ധതിയായിരുന്നു അരങ്ങേറിയത്. ചെങ്കോട്ടയില്‍ ഒരു പ്രത്യേക സംഘത്തിന് നേരേ നിഷ്‌ക്രിയമായി നിന്ന ഡല്‍ഹി പോലീസ് പല്‍വലില്‍ നിന്ന് കര്‍ഷക പരേഡ് ആരംഭിച്ചപ്പോള്‍, നിശ്ചയിച്ച 42 കിലോമീറ്ററില്‍ 12 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ ബാരിക്കേഡ് വെച്ച് തടഞ്ഞു. സ്വാഭാവികമായും കര്‍ഷകര്‍ അതിനെ ചോദ്യം ചെയ്തു. അതിക്രൂരമായ ലാത്തിച്ചാര്‍ജാണ് അവിടെ നടന്നത്. ലാത്തിയടിയേറ്റ് ജീവച്ഛവമായ വൃദ്ധകര്‍ഷരെ ഒറ്റ കോര്‍പറേറ്റ് മാധ്യമങ്ങളും കണ്ടില്ല. അവരപ്പോള്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയ കൊടിയെ ആഘോഷിക്കുകയായിരുന്നു!

ഒരു ഭാഗത്ത് അക്രമവും മറുഭാഗത്ത് നിസ്സംഗതയും പ്രോത്സാഹനവും. ചെങ്കോട്ടയിലേക്ക് പോലീസ് സഹായത്തോടെ നീങ്ങിയ ഈ സംഘം ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുവേണ്ടി പ്രചാരണം നടത്തിയിട്ടുള്ള ഒരു വ്യക്തി. സമരത്തെ തകര്‍ക്കാന്‍ ഭരണകൂടം ഏതറ്റം വരെയും പോകുമെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. സ്വാഭാവികമായും ഒരു വലിയ ജനകീയ മുന്നേറ്റമുണ്ടാകുമ്പോള്‍, ബാരിക്കേഡ് തകര്‍ത്ത് മുന്നേറുമ്പോള്‍, ഒരു പൊതുബോധത്തിനടിപ്പെട്ട് സ്വാഭാവികമായി മറ്റു ചിലരും അതിനോടൊപ്പം ചേര്‍ന്നിട്ടുണ്ടാകാം. രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭീകരരാണെന്ന് ചിത്രീകരിക്കപ്പെട്ടത് അങ്ങനെയാണ്. ചെങ്കോട്ട കൈയേറിയവരില്‍ ടികായത്തിന്റെ സംഘവും ഉണ്ടായിരുന്നു എന്ന പ്രചാരണം ഗോദി മീഡിയ നടത്തിക്കൊണ്ടിരിക്കുന്നു.
രണ്ട് മാസത്തിലേറെ തെരുവില്‍ പീഡിപ്പിക്കപ്പെട്ടവരാണ് കര്‍ഷകര്‍. 200ഓളം പേര്‍ രക്തസാക്ഷികളായി. എന്നിട്ടും സമാധാനപൂര്‍ണമായി സമരം നടത്തുന്ന കര്‍ഷകര്‍ ലോകത്തിന് തന്നെ അത്ഭുതമാണ്. കുറച്ചുപേര്‍ പൊതു തീരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി പോയി എന്ന് ചൂണ്ടിക്കാണിച്ച് കര്‍ഷക സമരമാകെ അക്രമ സമരമാണെന്ന് പ്രചരിപ്പിക്കുന്ന കോര്‍പറേറ്റ് മീഡിയ രാജ്യത്തിന് അപമാനമാണ്. അവര്‍ നാലാം തൂണുകളല്ല, ജനാഭിലാഷത്തെ തകര്‍ക്കുന്ന, രാജ്യത്തെ കോര്‍പറേറ്റ് അനുകൂലമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടനിലക്കാരാണ്. കര്‍ഷക സമരം എത്ര തന്നെ അടിച്ചമര്‍ത്തപ്പെട്ടാലും ശക്തമായി തുടരുക തന്നെ ചെയ്യും. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം കത്തിജ്ജ്വലിക്കും. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ചെറുത്തു നില്‍പ്പുകള്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. കരിനിയമങ്ങള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ബി ജെ പി സര്‍ക്കാറിനെ തന്നെ തൂത്തെറിയുന്ന ഒരു പ്രക്ഷോഭമായി ഇത് മാറാന്‍ അധിക നാളുകള്‍ വേണ്ടിവരില്ലെന്ന് ഭരണകൂടം ഓര്‍ക്കേണ്ടതുണ്ട്. പ്രക്ഷോഭ സമരങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് ഇല്ലാതാക്കിയ പഴയ ചരിത്രം ഇവിടെ വിലപ്പോകില്ല. കാരണം കര്‍ഷകര്‍ ജാതി- മതാടിസ്ഥാനത്തില്‍ സംഘടിച്ചവരല്ല. ധനിക-ഇടത്തരം-നാമമാത്ര കര്‍ഷകരും തൊഴിലാളികളും വര്‍ഗമെന്ന രീതിയില്‍ ഐക്യപ്പെട്ടിരിക്കുകയാണ്. വര്‍ഗീയ വിഭജനം അവിടെ അസാധ്യമാണ്. സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ബി ജെ പിയുടെ അവസാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു എന്ന് ചരിത്ര പുസ്തകത്തില്‍ വരുംതലമുറ പഠിക്കും.

കെ കെ രാഗേഷ് എം പി