Connect with us

Kozhikode

പുറത്തറിഞ്ഞാൽ മാനക്കേടുണ്ടാകുമെന്ന് പലവട്ടം നേതാക്കളോട് പറഞ്ഞതാണ്; ഫണ്ട് തിരിമറി വിഷയത്തിൽ മുഈനലി തങ്ങൾ

Published

|

Last Updated

മലപ്പുറം | കത്വ-ഉന്നാവ് ഫണ്ടിൽ മുസ്‌ലിംലീഗ് നേതാക്കൾ തിരിമറി നടത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മുസ്‌ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ.

ആരോപണത്തിൽ ശരികളുണ്ട്. പിരിച്ചെടുത്ത തുകയുടെ കണക്ക്  ചോദിക്കുന്നവരെ കുലംകുത്തികളാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നെ ഉൾപ്പടെ ഈ തരത്തിൽ പ്രവർത്തകർ വിമർശിക്കുന്നു. എന്നാൽ ഈ ആരോപിക്കപ്പെട്ടവരോട് ചോദ്യങ്ങൾ ഉന്നയിക്കാൻ ഇവർ തയ്യാറാവണമെന്നും മുഈനലി തങ്ങൾ പറഞ്ഞു. ന്യൂസ് 18 നോടുള്ള പ്രതികരണത്തിലാണ് യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷൻ കൂടിയായ മുഈനലി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

മേൽകമ്മിറ്റികളിൽ പലവട്ടം ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നതാണ്. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവരെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. വിഷയം പുറത്തറിഞ്ഞാൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നും നേതാക്കളെ ഓർമിപ്പിച്ചിരുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കത്വ – ഉന്നാവോ പീഡനത്തിനിരയാവരുടെ കുടുംബങ്ങൾക്ക് വേണ്ടി മുസ്‌ലിംലീഗ്, പള്ളികളിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ നേതാക്കൾ വകമാറ്റി ചിലവഴിച്ചു എന്ന് യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം യൂസുഫ് പടനിലം ആരോപിച്ചിരുന്നു. യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയിൽ പങ്കുണ്ട്. നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകൾ അവർ വെളിപ്പെടുത്തിയില്ല എന്നും സിറാജ് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ഇതിനെ നിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് വന്നു. യൂസുഫ് കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിച്ച ആളാണ്, തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. നേതാക്കൾക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച യൂസുഫിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പി കെ ഫിറോസ് സിറാജ് ലൈവിനോട് പറഞ്ഞു.