‘പാർട്ടി പുറത്താക്കിയ ആളാണ് കുപ്രചരണം നടത്തുന്നത്’; യൂസുഫിനെതിരെ മാനനഷ്ടക്കേസ്‌ കൊടുക്കുമെന്ന് പികെ ഫിറോസ്

Posted on: February 2, 2021 2:46 pm | Last updated: February 2, 2021 at 3:31 pm

കോഴിക്കോട് | മുസ്‌ലിം ലീഗ് പിരിച്ചെടുത്ത കത്വ- ഉന്നാവോ ഫണ്ട് നേതാക്കൾ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയർത്തിയ യൂസുഫ് പടനിലത്തിനെതിരെ പികെ ഫിറോസ് രംഗത്ത്. യൂസുഫ് കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിച്ച ആളാണ്, തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. നേതാക്കൾക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച യൂസുഫിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പി കെ ഫിറോസ് സിറാജ് ലൈവിനോട് പറഞ്ഞു.

കത്വ – ഉന്നാവോ പീഡനത്തിനിരയാവരുടെ കുടുംബങ്ങൾക്ക് വേണ്ടി മുസ്‌ലിംലീഗ്, പള്ളികളിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ നേതാക്കൾ വകമാറ്റി ചിലവഴിച്ചു എന്നാണ് യൂസുഫ് ആരോപിച്ചത്. യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയിൽ പങ്കുണ്ട്. നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകൾ അവർ വെളിപ്പെടുത്തിയില്ല എന്നും സിറാജ് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിൽ എൽ ഡി എഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രസ്ഥാനാർഥിയായി യൂസുഫ് മത്സരിച്ചിരുന്നു.