Connect with us

Status

കർഷക റിപ്പബ്ലിക്

Published

|

Last Updated

രാജ്യം കണ്ട ഏറ്റവും വലിയ കർഷക സമരത്തിനാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹി സാക്ഷ്യം വഹിച്ചത്. സമരവീര്യത്തിന്റെ പുതിയ പ്രതീക്ഷകളാണ് രാജ്യത്തിന് അന്നംതരുന്നവരിൽ നിന്ന് ലോകം കണ്ടത്. കടുത്ത തണുപ്പിലും സമരം അതിശക്തമായി തുടരുകയാണ്. ലോകത്തുടനീളമുള്ള മാധ്യമങ്ങൾ റിപ്പബ്ലിക് ദിവസത്തെ ട്രാക്ടർ റാലി വിശദമായി റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഇതോടെ കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നയിക്കുന്ന സമരപ്പോരാട്ടങ്ങൾ പുതിയ ഉയരങ്ങളിലാണെത്തിയത്. സോഷ്യൽ മീഡിയയും കർഷകസമരത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
സംഘർഷഭരിതമായ ഒരു റിപ്പബ്ലിക് ദിനത്തിനാണ് ഇത്തവണ ഡൽഹി സാക്ഷ്യം വഹിച്ചത്. പോലീസും കർഷകരും തമ്മിലുള്ള പോരാട്ട ഭൂമിയായി മാറി അക്ഷരാർഥത്തിൽ തലസ്ഥാന നഗരി. സംഘർഷത്തിൽ ഒരാൾ മരണപ്പെട്ടു. പോലീസുകാരടക്കം ഒട്ടേറെ പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടു. കോർപറേറ്റ് അധിനിവേശത്തിനെതിരായ പോരാട്ടമാണ് അമ്പതാം നാളിലും തുടരുന്ന കർഷക സമരം. അതിന്റെ രാഷ്ട്രീയം അഗ്രി ബിസിനസ് കുത്തകകളുടെ രാക്ഷസമോഹങ്ങളിൽ നിന്ന് കൃഷിയെയും നാടിനെയും രക്ഷിക്കുക എന്നതാണ്. ആഗോള മൂലധനാധിപത്യത്തിൽ നിന്ന് ഇന്ത്യൻ കർഷകന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും സമരം കർഷക പങ്കാളിത്തത്തോടെ അനുദിനം ശക്തിപ്പെടുകയാണ്. എല്ലാ ഭരണകൂട വിലക്കുകളെയും ഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ടാണ് ഓരോ ദിവസവും കർഷകർ പൂർവാധികം ശക്തിയോടെ സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. റിപ്പബ്ലിക് ദിനത്തിൽ മാത്രം ഡൽഹിയുടെ അതിർത്തിമേഖലകളിൽ സമരത്തെ തടയാൻ വൻ തോതിലുള്ള സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.

ഒരു ലക്ഷത്തിലധികം ട്രാക്ടറുകളാണ് ജനുവരി 26ന് തലസ്ഥാന നഗരിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് അണിനിരന്നത്. കേന്ദ്ര സർക്കാറിന്റെ നിഷേധാത്മക സമീപനങ്ങൾക്കെതിരെ കർഷകർ ഉയർത്തിയ ഏറ്റവും തീക്ഷ്ണമായ സമര നടപടിയായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡ്. നിരന്തരമായ കണ്ണീർ വാതക പ്രയോഗങ്ങൾ, കൊടും തണുപ്പിലും ജലപീരങ്കി, വൃദ്ധരായ സമരക്കാരെ പോലും ഉന്നം വെച്ചുകൊണ്ടുള്ള മൃഗീയമായ ലാത്തിവീശലുകൾ, കോൺക്രീറ്റിന്റെയും ഉരുക്കിന്റെയും തടയണകൾ, നീളത്തിലും ആഴത്തിലും വീതിയിലും കുത്തിക്കിളച്ച് കിടങ്ങുകൾ- ഇങ്ങനെ നിരവധി രീതികളിൽ കർഷകരെ പോലീസ് ക്രൂരമായി നേരിട്ടെങ്കിലും സമരത്തിൽ നിന്ന് ഒരടി പിന്മാറാൻ കാർഷകർ തയ്യാറായില്ല. ഓരോ ദിവസവും സമരം കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തു. പത്തിലധികം ചർച്ചകൾ അവർ കേന്ദ്ര സർക്കാറുമായി നടത്തി. എല്ലാം പരാജയം. അപ്പോഴും അച്ചടക്കമുള്ള സമരത്തിന്റെ പക്വത പ്രകടമായി. ഇതുവരെ 155 പേർക്ക് ജീവൻ നഷ്ടമായി. പോലീസിന്റെ ബലപ്രയോഗങ്ങളും സർക്കാറിന്റെ അവഗണനകളും മെല്ലെപ്പോക്കും ചർച്ചാ പ്രഹസനങ്ങളുമൊക്കെ വിലപ്പോകാതെയായപ്പോൾ എൻ ഐ എയും ഐ ബിയും സമരക്കാർക്കിടയിൽ കയറിനിരങ്ങി. സാമൂഹിക മാധ്യമങ്ങളിലും മറ്റും തീവ്രവാദ ചാപ്പകൾ പെരുകി. ബി ജെ പി നേതാക്കൾ തന്നെ ഖലിസ്ഥാൻ തീവ്രവാദികൾ എന്നൊക്കെയുള്ള ആക്ഷേപങ്ങൾ കർഷകർക്കെതിരെ ഉയർത്തി. എന്നിട്ടും സമരത്തിന്റെ വീര്യം തണുത്തില്ല. ദിനേന സമരക്കാർക്ക് പിന്തുണയേറി.

ട്രാക്ടറുകളിലും ലോറികളിലും കാൽനടയായും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കർഷകർ വന്നുകൊണ്ടേയിരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിലുണ്ടായ ട്രാക്ടർ റാലിക്കും തുടർന്നുണ്ടായ അക്രമത്തിനും ശേഷം കർശന നടപടികളും എടുത്തു, ഡൽഹി പോലീസ്. ഡൽഹി അതിർത്തിയിൽ പോലീസ് സുരക്ഷ വർധിപ്പിക്കുകയും കൂടുതൽ ബാരിക്കേഡുകൾ തയ്യാറാക്കുകയും ചെയ്തു. കൂടുതൽ സൈനികരെയും ഇറക്കിയിട്ടുണ്ട്. ട്രാക്ടർ റാലിക്കിടെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചും അതിനു പിന്നിലെ കുറ്റകരമായ ഗൂഢാലോചനയെ കുറിച്ചും പ്രത്യേക സെൽ അന്വേഷിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് ഇതുവരെ 25 എഫ് ഐ ആറുകൾ എടുക്കുകയും 37 കർഷക നേതാക്കളെ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെയും ഗുണ്ടാസംഘം നേതാവ് ലക്കാ സാധന്റെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ് ഐ ആറിൽ സിദ്ദുവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിയാക്കിയിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞതായി “ദ ക്വിന്റ്” റിപ്പോർട്ട് ചെയ്യുന്നു. ചെങ്കോട്ടക്കുള്ളിൽ കയറിയ പ്രതിഷേധക്കാർ സിഖ് മത പതാക കൊടിമരത്തിൽ ഉയർത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, കർഷകർ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയതാണ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് കർഷകർ നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചതിന് ശശി തരൂർ എം പി, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, കാരവൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കുകയുമുണ്ടായി.
ദേശീയ മാധ്യമങ്ങൾ നിരന്തരമായി കർഷകർക്കെതിരെയുള്ള വാർത്തകൾ മെനഞ്ഞെങ്കിലും സമൂഹമാധ്യമങ്ങൾ കർഷകർക്കൊപ്പം നിന്നു. യു പിയിലെ ഖാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനെത്തിയ യു പി പോലീസിനോട് സമരവേദിയിൽ സംഘർഷമുണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന കർഷകരെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങളാണ് കവർ ചെയ്തത്. തങ്ങളുടെ സമരം ഈ രാജ്യത്തിന് വേണ്ടിയാണെന്നാണ് അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിവിധ മാധ്യമങ്ങളിലൂടെ കർഷകനേതാക്കൾ വിളിച്ചുപറഞ്ഞത്. വെടിവെച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ലെന്നും സമരവേദി ഒഴിയുകയില്ലെന്നുമാണ് പോലീസിനോട് കർഷകർ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന കർഷകരുടെ സമരത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നേരിട്ടിടപെടാതെ നിന്നത് ഒരു പരിധിവരെ കേന്ദ്ര സർക്കാറിന് തിരിച്ചടിയായി എന്ന് കണക്കാക്കാം. രാഷ്ട്രീയ പ്രശ്നമായി ഈ സമരത്തെ എളുപ്പത്തിൽ പ്രതിരോധത്തിലാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. സി എ എ വിരുദ്ധ സമരങ്ങളിലും സ്ഥിതി സമാനമായിരുന്നല്ലോ. അപ്പോഴും തീവ്രവാദം ആരോപിച്ചുകൊണ്ട് സമരത്തെ നേരിടാൻ സർക്കാർ തുനിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രക്ഷോഭം അക്രമാസക്തമായത് ചൂണ്ടിക്കാണിച്ച് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടു.

ഇന്ത്യൻ സമൂഹം കർഷകരോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. എല്ലാത്തിനുമുപരി, നമ്മളെ ജീവനോടെ നിലനിർത്തുന്ന നമ്മുടെ അന്നദാതാക്കളാണ് അവർ. ഏതൊരു ജനാധിപത്യത്തിലുമെന്ന പോലെ, കർഷക സമരത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരുന്നുണ്ട്. പ്രാദേശിക സമൂഹങ്ങൾ ഊഷ്മളമായ ആതിഥ്യം നൽകുന്നു. ആഗോള പൗരന്മാരും സർക്കാറുകളും പ്രതികരിക്കുന്നു. സമരം പൊളിക്കാനും കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും കേന്ദ്രസർക്കാർ പരമാവധി ശ്രമങ്ങൾ നടത്തി. എല്ലാം പൊളിഞ്ഞെന്നുമാത്രം. അത്രമേൽ ശക്തമായ സമരരീതികളാണ് കർഷകർ സ്വീകരിച്ചത്. രാജ്യത്തിന്റെ കാർഷികരംഗം കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ തീരുമാനങ്ങളെയാണ് കർഷകർ അതിശക്തമായി ചോദ്യം ചെയ്യുന്നത്. അതാണ് ഈ സമരം രാജ്യത്തെ സാധാരണജനങ്ങളുടെ കൂടി സമരമായി മാറുന്നതും.