Connect with us

Travelogue

തരീമിലെ മിനാരങ്ങൾ

Published

|

Last Updated

ഖസ്‌റു ഇശ്ശ, ഖസ്‌റുൽ മുനൈസ്വൂറ, ഖസ്‌റു റനാദ്, ഖസ്‌റുൽ ഖുബ്ബ

അറേബ്യൻ പൗരാണികതയുടെ മഹനീയ ഈടുവെപ്പുകളുള്ള ഭൂമികയിലൂടെയാണ് സഞ്ചാരം. വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും കേദാരങ്ങളായ മിനാരങ്ങളും ഗോപുരങ്ങളും നഗരത്തിൽ നിറഞ്ഞു നിൽക്കുകയാണ്. തരീമിലൂടെ സഞ്ചരിക്കുന്നവർ നഗരത്തിലെ പൗരാണിക കൊട്ടാരങ്ങളും പള്ളികളും സന്ദർശിക്കണം. ഇത് ഹളർമൗത്തിന്റെ ചരിത്രത്തിലൂടെയുള്ള ഐതിഹാസിക യാത്രയായിരിക്കും. ആരാധനാലയങ്ങളിലും മറ്റു സ്മാരക സൗധങ്ങളിലും ഉപയോഗിച്ചിരിക്കുന്ന കളിമൺ വാസ്തുവിദ്യയുടെ ചാരുത കാണാൻ ഈ നഗരത്തിൽ തന്നെ വരണം. ലോകത്തിലെ ഏറ്റവും സങ്കീർണവും സാങ്കേതികവും നൂതനവുമായ രീതിയിൽ മൺകട്ടകൾ അടുക്കിവെച്ച് നിർമിച്ച തരീമിലെ പള്ളികളും കോട്ടകളും കൊട്ടാരങ്ങളും സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ്. നിയോക്ലാസിക്കൽ, റോക്കോകോ, ഹള്‌റമി എന്നീ ഘടകങ്ങളുടെ വിപുലമായ സമന്വയമാണ് ഇവരുടെ വാസ്തുവിദ്യാ രീതി. ഈ മന്ദിരങ്ങൾ കളിമൺ നിർമിതിയാണെന്ന് ഒറ്റനോട്ടത്തിൽ ആരും പറയില്ല. എല്ലാം വിവിധ വർണങ്ങളിൽ കുമ്മായം പൂശി ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു.

അൽ റനാദ് കൊട്ടാരത്തിന് പുറമെ തരീമിൽ പൗരാണിക ഗോപുരങ്ങൾ വേറെയുമുണ്ട്. ഹിജ്‌റ 1339ൽ സയ്യിദ് ഉമർ ബിൻ ശൈഖ് അൽ കാഫ് നിർമിച്ചതാണ് ഖസ്‌റു ഇശ്ശ (ഇശ്ശ കൊട്ടാരം). അലവി ബിൻ അബീബക്കർ അൽ കാഫ് ആണ് ഈ കൊട്ടാരം രൂപകൽപ്പന ചെയ്തത്. ഹളർമൗത്തിലെ ഏറ്റവും മികച്ച നിർമാണമായാണ് ഖസ്‌റു ഇശ്ശ കണക്കാക്കപ്പെടുന്നത്. കളിമൺ കട്ടകൾക്ക് പുറമെ ഗ്ലാസ്, മരം, ഇരുമ്പ് എന്നിവ കൂടി ഉപയോഗിച്ചിരിക്കുന്ന ഈ മന്ദിരത്തിൽ ജനലുകളും വാതിലുകളും ഇന്ത്യയിൽ നിന്നും സിങ്കപ്പൂരിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. എ ഡി 1952ൽ സയ്യിദ് അഹ്മദ് ബിൻ ഉമർ ബിൻ യഹ്യ നിർമിച്ച ഖസ്‌റുൽ മുനൈസ്വൂറ (മുനൈസ്വൂറ കൊട്ടാരം), ഹിജ്‌റ 1357ൽ സയ്യിദ് മുഹമ്മദ് ബിൻ ഹുസൈൻ അൽകാഫ് നിർമിച്ച ഖസ്‌റു ദാറുസ്സലാം (ദാറുസ്സലാം കൊട്ടാരം), എ ഡി 1936ൽ അദ്ദേഹം തന്നെ നിർമിച്ച ഖസ്‌റുൽ ഖുബ്ബ (ഖുബ്ബ കൊട്ടാരം), ഹിജ്‌റ 1357 സയ്യിദ് അബ്ദുർറഹ്്മാൻ ബിൻ ശൈഖ് അൽകാഫ് നിർമിച്ച ഖസ്‌റു അൽ കാഫ് (അൽകാഫ് കൊട്ടാരം) എന്നിവയെല്ലാം തരീമിലെ കളിമൺ വാസ്തുശിൽപ്പങ്ങളുടെ ജ്വലിക്കുന്ന കാഴ്ചകളാണ്.

മസ്ജിദുൽ മിഹ്‌ളാർ

തരീമിലെ സൂഖിൽ നിന്നും പ്രധാന പാതയിലേക്ക് ചെന്ന് ചേരുന്ന ഗല്ലിയിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് പോയാൽ യമനീ വാസ്തുവിദ്യയുടെ മഹാത്ഭുതമായി തലയുയർത്തി നിൽക്കുന്ന മസ്ജിദുൽ മിഹ്‌ളാറിന്റെ മുന്നിലേക്കാണെത്തുന്നത്. യമൻ ടൂറിസ ഭൂപടത്തിൽ മുഖ്യ സ്ഥാനമാണ് ഈ പള്ളിക്കുള്ളത്. രാജ്യത്തിന്റെ അഞ്ഞൂറ് രൂപ കറൻസിയിൽ ഈ മസ്ജിദിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചതുരാകൃതിയിലുള്ള പള്ളിയുടെ മുഖ്യ ആകർഷണം 175 അടി ഉയരമുള്ള കളിമൺ നിർമിതമായ മിനാരമാണ്. 1914 ലാണ് ഈ മിനാരം നിർമിക്കുന്നത്. തരീമിലെ എൻജിനീയറായിരുന്ന അവദ് സൽമാൻ അഫീഫിന്റെ നേതൃത്വത്തിൽ കവിയും എഴുത്തുകാരനുമായ അബൂബക്കർ ബിൻ ശിഹാബാണ് മിനാരം ഡിസൈൻ ചെയ്തത്. നിരത്തിൽ നിന്നും അൽപ്പം ഉയർന്നുനിൽക്കുന്ന ഗ്രൗണ്ട് ഫ്‌ളോറിലേക്ക് കയറാൻ ഇരു ഭാഗങ്ങളിൽ നിന്നും ഗോവണികളുണ്ട്. കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ചാൽ വിശാലമായ നടുമുറ്റവും നാല് ഭാഗങ്ങളിലായി മേൽക്കൂരയും വലിയ തൂണുകളും കൂടുതൽ ആകർഷണീയമായി തോന്നി. നിലവും ചുവരുകളും വെള്ള ചുണ്ണാമ്പ് തേച്ച് മിനുസപ്പെടുത്തിയിരിക്കുകയാണ്.
ഹിജ്‌റ 833ൽ വഫാത്തായ ഇമാം ഉമർ മിഹ്‌ളാർ (റ)ന്റെ നേതൃത്വത്തിലാണ് ആദ്യമായി ഈ പള്ളിയുടെ നിർമാണം നടന്നത്. കാലാന്തരത്തിൽ മാറ്റിപ്പണിത രൂപമാണ് ഇപ്പോഴുള്ളത്. രണ്ടാം ഫഖീഹുൽ മുഖദ്ദം എന്ന് ഹള്‌റമികൾ വിശേഷിപ്പിക്കാറുള്ള ഇമാം അബ്ദുർറഹ്്മാൻ അസ്സഖാഫ് (റ)ന്റെ മകനാണ് ഇമാം ഉമർ മിഹ്‌ളാർ(റ). പിതാവ് തന്നെയായിരുന്നു പ്രധാന ഗുരു. ചെറുപ്പത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കുകയും മറ്റു വിജ്ഞാനശാഖകളിൽ അവഗാഹം നേടുകയും ചെയ്തു. പിൽക്കാലത്ത് പിതാവിന്റെ പാതയിൽ ബാ അലവി സൂഫി ധാരയുടെ ശൈഖായി മാറി. തന്റെ സഹോദരന്റെ മകനും ഐദറൂസി സയ്യിദന്മാരുടെ പിതാമഹനുമായിരുന്ന അബ്ദുല്ലാഹിബ്‌നു അബൂബക്കർ അൽ ഐദറൂസ് (റ) അടക്കം നിരവധി മഹാത്മാക്കളുടെ ഗുരുവായിരുന്ന അദ്ദേഹം സമ്പൽ മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

തരീമിൽ ആദ്യമായി നിർമിക്കപ്പെട്ട പള്ളിയാണ് മസ്ജിദുൽ വഅല് (മസ്ജിദുൽ ഖുത്വബാ) ഹളർമൗത്തിൽ ഇസ്്ലാമിക പ്രബോധനത്തിനെത്തിയ സംഘത്തിലെ സ്വഹാബി പ്രമുഖൻ അബ്ബാദ് ബിൻ ബിശ്ർ അൽ അൻസ്വാരി(റ)ന്റെ പുത്രനും താബിഈ പണ്ഡിതനുമായ അഹ്്മദ് ബിൻ അബ്ബാദ് ബിൻ ബിശ്ർ (റ) ഹിജ്‌റ 43 ൽ നിർമിച്ചതാണീ പള്ളി. തരീമിൽ നിന്നും കിഴക്ക്, പതിനാറ് കിലോമീറ്റർ അകലെ ലിസ്‌ക് പ്രവിശ്യയിലാണ് അബ്ബാദ് ബിൻ ബിശ്ർ(റ) എന്ന സ്വഹാബി അന്ത്യവിശ്രമം കൊള്ളുന്നത്. റമസാനിലാണ് ആദ്യമായി ഞങ്ങൾ അവിടെ സിയാറത്തിനെത്തുന്നത്. ചെങ്കുത്തായ ഒരു മലഞ്ചെരുവിലാണ് വാഹനം നിർത്തിയത്. ആ മലയുടെ ഉച്ചിയിലാണ് ഖബർ സ്ഥിതി ചെയ്യുന്നത്. അതികഠിനമായ ചൂടും നോമ്പിന്റെ ക്ഷീണവും വകവെക്കാതെ സന്ധ്യയോടടുത്ത നേരത്ത് കുത്തനെയുള്ള ആ മലമുകളിൽ കയറിയെത്തിയത് ജ്വലിക്കുന്ന ഓർമയാണ്.

ഹളർമൗത്തിലെ പ്രശസ്ത പണ്ഡിത കുടുംബമായ അൽ ഖത്വീബ് ഖബീല, അബ്ബാദ് ബിൻ ബിശ്ർ(റ)ന്റെ സന്താന പരമ്പരയാണെന്ന് ഹിജ്‌റ 1295ൽ പ്രസിദ്ധീകരിച്ച “ബുർദുന്നഈം ഫീ നസബിൽ അൻസ്വാരി ഖുത്വബാഇ തരീം” എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് ബിൻ അബ്ദില്ലാഹ് വിവരിക്കുന്നുണ്ട്. ഹളർമൗത്തിലെ മത നിഷേധികളോട് ഏറ്റുമുട്ടാൻ സിയാദ് ബിൻ ലബീദിൽ അൻസ്വാരി(റ), ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖ് (റ)നോട് ആവശ്യപ്പെടുകയും അബ്ബാദ് ബിൻ ബിശ്ർ (റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിൽ നിന്ന് ഹളർമൗത്തിലെത്തുകയും പ്രസ്തുത പോരാട്ടത്തിൽ പങ്കെടുക്കുകയും ചെയ്തു. ശേഷം, സിയാദ് (റ) ലിസ്‌ക് പ്രവിശ്യയിൽ, സകാത്ത് നൽകാൻ വിസമ്മതിച്ച ജനങ്ങളിലേക്ക് അബ്ബാദ് (റ)നെ പറഞ്ഞയച്ചു. പക്ഷേ, പാവപ്പെട്ടവരുടെ അവകാശമായി ഇസ്്ലാം പഠിപ്പിച്ച സകാത്ത് അവർ നൽകാൻ തയ്യാറായില്ല. അവരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബ്ബാദ് ബിൻ ബിശ്ർ (റ) ശഹീദായത് (അദ്്വാരി താരീഖിൽ ഹള്‌റമി 1/98). എല്ലാ വർഷവും മുഹർറം പത്തിന് ശേഷം അവിടെ വലിയ സിയാറത്ത് നടക്കാറുണ്ട്.

തരീമിലെ ഹാവിയിൽ മനോഹരമായ ഒരു പള്ളിയുണ്ട്. മസ്ജിദുൽ ഫത്ഹ്. ഹിജ്‌റ 1132 ൽ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) നിർമിച്ചതാണീ പള്ളി. ഏറ്റവും ആധുനിക സൗകര്യത്തോടെ പുതുക്കിപ്പണിത ഈ പള്ളിയുടെ ഉള്ളിൽ പഴയ പള്ളിയുടെ ഭാഗം അടയാളപ്പെടുത്തി അതുപോലെ നിലനിർത്തിയിരിക്കുന്നു. ദീപാലങ്കൃതമായ മസ്ജിദിന്റെ ചുമരുകളിൽ റാതിബുൽ ഹദ്ദാദ് പൂർണമായും കൊത്തിവെച്ചിരിക്കുന്നത് നല്ല കാഴ്ചയാണ്. ഹദ്ദാദ് റാതീബ് ക്രോഡീകരിച്ച ഇമാം നിർമിച്ച പള്ളിയിൽ വെച്ച് തന്നെ ഹദ്ദാദ് മജ്‌ലിസിൽ പങ്കെടുത്തത് വലിയ അനുഭൂതിയായി. പള്ളിയോട് ചേർന്ന് തന്നെയാണ് ഇമാം ഹദ്ദാദ്(റ)ന്റെ വീട് നിലകൊള്ളുന്നത്. കളിമൺ നിർമിതമായ കൊച്ചു വീട് ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ചിരിക്കുന്നു. ഇമാം ഉപയോഗിച്ചിരുന്ന കട്ടിൽ, പാത്രങ്ങൾ, മറ്റു വസ്തുക്കൾ എല്ലാം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് “മക്തബതു ദാറുൽ ഹാവി” എന്ന ലൈബ്രറിയും പ്രസിദ്ധീകരണ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ തരീമിൽ ജീവിച്ച് പോയ ആത്മജ്ഞാനികൾ അനേകം പള്ളികളാണ് നിർമിച്ചിരിക്കുന്നത്. പലതും അവരുടെ ഖബീലകളുടെ പേരിലാണറിയപ്പെടുന്നത്. ഹിജ്‌റ 529ൽ ഇമാം അലി ഖാലിഉ ഖസം(റ) തരീമിലെ ഹൂത്വയിൽ നിർമിച്ച “മസ്ജിദ് ആലു അബീ അലവി”, ഹിജ്‌റ 767 ൽ ഇമാം അബ്ദുർറഹ്്മാൻ അസ്സഖാഫ് (റ) നിർമിച്ച “മസ്ജിദുസ്സഖാഫ്”, ഹിജ്‌റ 821ൽ ഇമാം അബൂബക്കർ അസ്സക്‌റാൻ (റ) തരീമിലെ ഹാഫയിൽ നിർമിച്ച “മസ്ജിദുസ്സക്‌റാൻ”, ഹിജ്‌റ 551ൽ ഹൂത്വയിൽ നിർമിക്കപ്പെട്ട “മസ്ജിദുൽ ഐദറൂസ്”, തരീമിലെ റളീമയിൽ സ്ഥിതിചെയ്യുന്ന മസ്ജിദു ജമലുല്ലൈലി, ഇമാം ഹദ്ദാദ് (റ) ഹിജ്‌റ 1104ൽ നുവൈദിറയിൽ നിർമിച്ച “മസ്ജിദുൽ അവ്വാബീൻ” തുടങ്ങി അനേകം മിനാരങ്ങൾ തരീമിന്റെ ആത്മീയ അലങ്കാരമായി ഉയർന്ന് നിൽക്കുന്നത് കാണാം. മിക്ക പള്ളികളുടെ കീഴിലും വിദ്യയുടെ വിളക്കുമാടങ്ങളായ “സാവിയ”കളുണ്ട്. നമ്മുടെ നാട്ടിൽ പള്ളിദർസുകൾ പോലെ ഓരോ ഹൽഖകളായി ഇരുന്ന് ഗുരുമുഖത്ത് നിന്നും വിജ്ഞാനം നുകരുന്ന നല്ല കാഴ്ചകൾ. കൂടാതെ, കഴിഞ്ഞ കാലങ്ങളിൽ ജീവിച്ച മഹാന്മാർ ഏകാന്തമായി ആരാധന നിർവഹിക്കാൻ പ്രത്യേകം കെട്ടിയുണ്ടാക്കിയതും ഗുഹയുടെ മാതൃകയിൽ നിർമിച്ചതുമായ “മഅബദ്” കൾ ആത്മീയ അനുഭൂതി പകരുന്ന കാഴ്ചകളാണ്.

Latest