Connect with us

Covid19

ദുബൈയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നു; രണ്ടിടത്ത് കൂടി ആശുപത്രി

Published

|

Last Updated

ദുബൈ | കൊവിഡ് രോഗം വർധിച്ച സാഹചര്യത്തിൽ ദുബൈ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നു. ദുബൈ  ഹെൽത് അതോറിറ്റി (ഡി എച്ച് എ) അൽ ഖവാനീജ്, അൽ ബദ ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് -19 ചികിത്സക്ക് വേണ്ടി മാത്രമുള്ള കേന്ദ്രങ്ങളായി ഉപയോഗിക്കുമെന്ന് മെഡിക്കൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. ഹനാൻ അൽ ഹമ്മാദി പറഞ്ഞു.

ഡി എച്ച് എ കോൺടാക്റ്റ് സെന്ററും കൊവിഡ് 19 കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും റഫർ ചെയ്യുന്ന കൊവിഡ് പോസിറ്റീവ് രോഗികളെ ഇവിടെ പരിപാലിക്കും. മുഴുസമയവും രോഗികൾക്ക് സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകും. ഡോക്ടർമാർ ഓരോ കേസും വിലയിരുത്തും. രോഗിക്ക് വീട്ടുക്വാറന്റൈനോ ആശുപത്രി ചികിത്സയോ  എന്ന് നിർണയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തും.

യോഗ്യതയുള്ള മെഡിക്കൽ സ്റ്റാഫുകളും അത്യാധുനിക ചികിത്സയും ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും കേന്ദ്രങ്ങളിൽ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മറ്റ് ചികിത്സാ കേന്ദ്രങ്ങളിലെ കാര്യക്ഷമതയുടെ തോതും ഡിഎച്ച്എ ഉയർത്തിയിട്ടുണ്ട്.

അൽ ഖവാനീജ് ഹെൽത് സെന്ററിന്റെ പതിവ് ഉപയോക്താക്കളെ അൽ ത്വാർ, നാദ് അൽ ഹമർ, അൽ മിഷാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കും. അൽ ബദ ഹെൽത് സെന്ററിലെ ഉപയോക്താക്കളെ അൽ മൻകൂല്‍, ബർശ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കും. വിദേശികൾക്കും ഡി എച്ച് എ ചികിത്സ സൗജന്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 3000ലധികമാണ് യു എ ഇയില്‍ കൊവിഡ് ബാധിതര്‍.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest