National
കര്‍ഷക സമരം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ നീക്കം

ന്യൂഡല്‍ഹി | കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നാളത്തെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി പ്രതിപക്ഷം. തിങ്കളാഴ്ച ബജറ്റ് അവതരണത്തിനു മുമ്പ് കര്‍ഷക സമരത്തില്‍ സര്‍ക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. കര്‍ഷക വിരുദ്ധമായ പുതിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ ചെങ്കോട്ടയില്‍ അക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. അക്രമത്തെ അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനാണ് ആലോചന.
രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് നിലപാടിനോട് സഹകരിക്കാമെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. കര്‍ഷക ബില്ലിനെ എതിര്‍ത്ത് എന്‍ ഡി എ വിട്ട ശിരോമണി അകാലിദളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.