ആറ് വർഷമായി തുടരുന്ന പി ജി കോഴ്സ്; ഫലം പുറത്തുവന്നപ്പോൾ കൂട്ടത്തോൽവി

പ്രതിഷേധവുമായി വിദ്യാർഥികൾ
Posted on: January 28, 2021 2:17 pm | Last updated: January 28, 2021 at 2:17 pm

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ എം എസ് സി കൗൺസലിംഗ് സൈക്കോളജി പരീക്ഷയിലുണ്ടായ കൂട്ടത്തോൽവിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രംഗത്ത്. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പി ജി കോഴ്‌സ് ആറ് വർഷത്തിലധികം നീണ്ടുപോയിട്ടും അധികൃതരുടെ അവഗണന തുടരുകയാന്നെന്ന് വിദ്യാർഥികൾ പറയുന്നു. എം എസ് സി കൗൺസലിംഗ് സൈക്കോളജി കോഴ്സ് വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ നടത്തുന്നതിനായി 2014ൽ സർവകലാശാല നാല് സ്റ്റഡി സെന്ററുകൾ അനുവദിക്കുകയും യൂനിവേഴ്സിറ്റി ക്യാമ്പസിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 120 വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു.
എന്നാൽ ആദ്യ സെമസ്റ്റർ പരീക്ഷ കഴിയും മുമ്പ് തന്നെ ഈ സ്റ്റഡി സെന്ററുകൾ അടച്ചുപൂട്ടി പഠിതാക്കളെ വഴിയാധാരമാക്കുകയായിരുന്നു. വിദ്യാർഥികളുടെ നിരന്തര സമ്മർദത്തിനൊടുവിൽ കോഴ്സ് തുടർന്ന് നടത്താൻ സർവകലാശാല തയ്യാറായെങ്കിലും കടുത്ത പക്ഷപാതവും അവഗണനയുമാണ് വിദ്യാർഥികൾ നേരിട്ടത്.

സ്റ്റഡി സെന്ററുകൾ നൽകിയ ഇന്റേണൽ മാർക്ക് യൂനിവേഴ്സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെന്റ്അംഗീകരിക്കാൻ തയ്യാറായില്ല. ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകളുടെ എഴുത്തുപരീക്ഷയിലും ഇന്റേണലിലും പിന്നീട് വളരെ കുറച്ച് മാർക്ക് നൽകി കോഴ്സിനോടുള്ള അനിഷ്ടം സൈക്കോളജി ഡിപ്പാർട്ട് മെന്റ് പ്രകടമാക്കി. ഇതിനെതിരെ വിദ്യാർഥികൾ രംഗത്തുവന്നതോടെ വീണ്ടും പരീക്ഷ നടത്തിയെങ്കിലും ആ പരീക്ഷാ ഫലം പുറത്തുവിടുകയുണ്ടായില്ല.

ആറ് വർഷത്തിനു ശേഷം വിദ്യാർഥികളുടെ നിരന്തരമായ സമ്മർദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തിയെങ്കിലും പരീക്ഷയെഴുതിയ മിക്കവരും പരാജയപ്പെടുകയായിരുന്നു. സർവകലാശാലയിലെ റെഗുലർ- വിദൂരവിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള വടംവലിയുടെ ഇരകളായിരിക്കുകയാണ് തങ്ങളെന്ന് പഠിതാക്കൾ പറയുന്നു. ശരിയായ രീതിയിൽ മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി പരീക്ഷാ ഫലം പുനഃപ്രഖ്യാപിക്കണമെന്നും വർഷങ്ങളായി തുടരുന്ന കടുത്ത അവഗണനക്കും മാനസിക പ്രയാസത്തിനും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ രംഗത്തു വന്നിരിക്കുന്നത്.