Connect with us

Uae

ലുലുവില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി

Published

|

Last Updated

അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യ ഫെസ്റ്റ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം ചെയ്യുന്നു

അബുദാബി | ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി. അടുത്ത പത്ത് ദിവസങ്ങളില്‍ ജി സി സിയടക്കമുള്ള രാജ്യങ്ങളിലെ 198 ഓളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഫെസ്റ്റ് നടക്കും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ തുറന്നിടുന്നത്. ഇതോടൊപ്പം കലാ സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും ഓരോ ശാഖകളിലും നടക്കും.

പഴം പച്ചക്കറികള്‍, മത്സ്യ മാംസ ഇനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയടക്കം ഇന്ത്യയില്‍ നിന്നുള്ള പതിനായിരത്തോളം ഉല്‍പന്നങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ വലിയ നിരയും ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഫെസ്റ്റിന്റെ ഉല്‍ഘാടനം നടത്തി.
അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല പങ്കെടുത്തു. സൗദി റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സൗദി ഇന്ത്യന്‍ സ്ഥാനപതി ഡോ ഔസുഫ് സായിദ് സൗദി ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഉല്‍ഘാടനം ചെയ്തു.

ബഹ്റൈന്‍ ദാന മാളില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാലയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രിവാസ്തവ ഉല്‍ഘാടനം ചെയ്തു. കുവൈത്ത് അല്‍ റായ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു കുവൈത്ത്, ഇറാഖ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, കുവൈത് റീജിയണല്‍ ഡയറക്ടര്‍ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉല്‍ഘാടനം ചെയ്തു. ഖത്തര്‍ അല്‍ ഗറാഫ ലുലുവില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന്റെ സാന്നിധ്യത്തില്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഉല്‍ഘാടാനം ചെയ്തു.

മഹാമാരിയുടെ സമയത്ത് മേഖലയിലെ ഭക്ഷ്യ സുരക്ഷയുറപ്പാക്കുന്നതില്‍ ലുലു നിര്‍ണായക ശ്രമങ്ങളാണ് നടത്തിയതെന്ന് പവന്‍ കപൂര്‍ പറഞ്ഞു. ഇന്ത്യാ ഫെസ്റ്റ് വിപണി വീണ്ടും സജീവമാകുന്നതിന്റെ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷമായി ലുലു ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കുന്നതായി സൈഫി രൂപവാല പറഞ്ഞു. ഫെസ്റ്റിന്റെ വിജയത്തിന് എല്ലാ വിതരണ പങ്കാളികള്‍ക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest