Kerala
ഗണേഷ് കുമാറിനെതിരെ സി പി ഐ; പത്തനാപുരം എല്‍ ഡി എഫില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കൊല്ലം | കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരായ നിലപാട് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐ. പാര്‍ട്ടിയുടെ പത്തനാപുരം ഘടകമാണ് ഗണേഷിനെതിരെ രംഗത്തെത്തിയത്. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതു മുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നുമാണ് ആരോപണം. എം എല്‍ എക്കെതിരെ പ്രതിഷേധിച്ച കെ എസ് യുക്കാരെ എം എല്‍ എയുടെ പി എയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഗണേഷിനെതിരെ കൊല്ലത്ത് യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചതും സംഘര്‍ഷത്തിനിടയാക്കി.
കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ പാവപ്പെട്ട മലയോരനാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകുമെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്ന കാര്യമാണോയെന്ന് സി പി ഐ നേതാവ് വേണുഗോപാല്‍ ചോദിച്ചു. പത്തനാപുരത്ത് നടന്ന പ്രചാരണ യോഗത്തിലാണ് അദ്ദേഹം ഈ ചോദ്യമുന്നയിച്ചത്. “കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണുകയും ആ സ്വപ്‌നങ്ങളെയും കാഴ്ചകളെയും കുറിച്ച് മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുകയും ചെയ്യാം. എന്നാല്‍, അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലല്ലോ. ഇവിടെ ഷോപ്പിംഗ് മാള്‍ വന്നപ്പോള്‍ നാട്ടിലെ പാവപ്പെട്ട കച്ചവടക്കാര്‍ക്ക് കച്ചവടം ചെയ്യാന്‍ ഒരു സ്ഥലമായല്ലോ എന്നാണ് കരുതിയത്. ഇപ്പോഴെന്താണ് സ്ഥിതി? ഒരു സാധാരണ കച്ചവടക്കാരന് ഈ മാളില്‍ കച്ചവടം തുടങ്ങാന്‍ കഴിയുമോ?” സി പി ഐ നേതാവ് ചോദിക്കുന്നു.
സി പി ഐയുടെ പത്തനാപുരം നേതൃത്വവും ഗണേഷ്‌കുമാറും തമ്മില്‍ കുറച്ചുകാലമായി രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുകയാണ്. ഇതാണിപ്പോള്‍ പരസ്യമായി പുറത്തുവന്നിരിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലേതിനു സമാനമായ വികസനം പത്തനാപുരത്ത് കൊണ്ടുവരാന്‍ എം എല്‍ എക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന ആരോപണം. പട്ടയ പ്രശ്‌നത്തില്‍ പോലും ഗണേഷിന്റെ ഇടപെടലുണ്ടായില്ലെന്നും സി പി ഐ നേതാക്കള്‍ പറയുന്നു.