Connect with us

Kerala

സോളാര്‍: സി ബി ഐക്ക് വിട്ടത് വൈരാഗ്യത്താല്‍- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | അഞ്ച് വര്‍ഷം അന്വേഷിച്ച് ഒന്നും കണ്ടെത്താന്‍ കഴിയാത്ത കേസ് പൊടിതട്ടി എടുക്കുന്നത് യു ഡി എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിനെ കേരളത്തില്‍ നേരിടാന്‍ എല്‍ ഡി എഫിന് പറ്റാത്ത അവസ്ഥയാണ്. ഇതിനാണ് സോളാര്‍ പൊടിതട്ടി എടുത്തത്. ഈ പരിപ്പ് ഇനി വേവില്ല. ഈ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേസ് സി ബി ഐക്ക് വിട്ടത്. ഇതിന് മുമ്പ് പല കേസുകളും സി ബി ഐക്ക് വിടാന്‍ പ്രതിപക്ഷവും ഇരകളും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ കേട്ടില്ല. ശുഐബ്, ശരത് ലാല്‍, കൃപേഷ് കേസുകള്‍ ഇതിന് ഉദാഹരണം. കേരളത്തിലെ ജനങ്ങള്‍ വിഡ്ഡികളാണെന്ന് സര്‍ക്കാര്‍ കരുതേണ്ട. തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷം അഭ്യന്തര വകുപ്പ് എന്ത് ചെയ്യുകയായിരുന്നു. ബി ജെ പിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിട്ടത്. സി ബി ഐയോട് ഇപ്പോള്‍ പിണറായി വിജയന് ഒരു പ്രേമം തോന്നിയെങ്കില്‍ ഇതിന് പിന്നില്‍ എന്തെങ്കിലും ഒന്നുണ്ടാകും. ഇതിനെ യു ഡി എഫ് രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തില പറഞ്ഞു.