Connect with us

Articles

സി എ ജി വിരുദ്ധ പ്രമേയം വലിയൊരു ശരിയാണ്‌

Published

|

Last Updated

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ടിന് ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം എല്ലാക്കാലത്തും വലിയ പ്രാധാന്യം നല്‍കാറുണ്ട്. ഇടതു ജനാധിപത്യ മുന്നണി നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഇനിയും തീര്‍പ്പാകാത്ത പാമൊലിന്‍ അഴിമതിക്കേസ് സി എ ജി റിപ്പോര്‍ട്ടുകളിലൊന്നിന്റെ തുടര്‍ച്ചയിലുണ്ടായതാണ്. പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാന ഖജനാവിന് ഒമ്പത് കോടി രൂപ നഷ്ടമുണ്ടായതിന് കാരണം അഴിമതിയാണെന്നാണ് ആരോപണമുയര്‍ന്നത്. ഇടതു മുന്നണിയെ, സി പി എമ്മിനെ, അത് മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയിരിക്കുന്ന പിണറായി വിജയനെ ദീര്‍ഘകാലം വേട്ടയാടിയതും ഇപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നതുമായ ലാവ്‌ലിന്‍ കേസും മറ്റൊരു സി എ ജി റിപ്പോര്‍ട്ടിന്റെ ഫലമാണ്.

ലാവ്‌ലിനങ്ങനെ കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തതില്‍ ഖജനാവിന് ഒന്നര ലക്ഷം കോടിയിലേറെ രൂപ നഷ്ടമുണ്ടായെന്ന സി എ ജി റിപ്പോര്‍ട്ട് വരുന്നത്. ഇതുള്‍പ്പെടെ ആരോപണങ്ങളാണ് യു പി എ സര്‍ക്കാറിന് പുറത്തേക്കുള്ള വഴിയൊരുക്കിയതും കോണ്‍ഗ്രസിനെ ഏതാണ്ട് അപ്രസക്തമാക്കിക്കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ വഴിയൊരുക്കിയതും. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ പിന്‍പറ്റി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ ലാഭനഷ്ടങ്ങളുണ്ടാക്കുമെങ്കിലും അതിനെ പിന്‍പറ്റിയെടുക്കുന്ന നിയമ നടപടികള്‍ ഭൂരിഭാഗവും പരാജയപ്പെട്ടതാണ് ചരിത്രം.
കണക്കെഴുത്തുകാരന് കൂട്ടിയും കിഴിച്ചും മാത്രം വിലയിരുത്താവുന്ന തീരുമാനങ്ങളാകണമെന്നില്ല ഭരണത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയക്കാരനെടുക്കേണ്ടിവരിക. അതുമൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ആ മാറ്റങ്ങള്‍ മനുഷ്യ വിഭവശേഷിയിലുണ്ടാക്കുന്ന പുരോഗതി എന്നിവയൊക്കെ ആ തീരുമാനമുണ്ടാക്കുന്ന ലാഭമാണ്. അതൊരിക്കലും സി എ ജിയുടെ കൂട്ടലിലും കിഴിക്കലിലുമുണ്ടാകില്ല. ഇത്തരം ലാഭങ്ങള്‍ കണക്കിലെടുക്കാതെയാണ് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുക. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന മാനദണ്ഡത്തിലാണ് വിതരണം ചെയ്തത്. ഇതിന് പകരം ലേലം ചെയ്തിരുന്നുവെങ്കില്‍ വലിയ ലാഭമുണ്ടാകുമായിരുന്നുവെന്നും ആ ലാഭം കണക്കാക്കിയാല്‍ യു പി എ സര്‍ക്കാറിന്റെ നടപടി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി എ ജി വിലയിരുത്തിയത്. ലേലം വേണോ ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന മാനദണ്ഡം തുടരണോ എന്നതൊക്കെ സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ്.

ആശയവിനിമയ സംവിധാനം വ്യാപിപ്പിക്കാനും സാധാരണക്കാര്‍ക്ക് പ്രാപ്യമാകും വിധത്തില്‍ ചെലവ് കുറഞ്ഞതാക്കാനും ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാര്‍ നടപടി. അതുണ്ടാക്കിയ കണക്കില്‍ നോക്കിയാല്‍ കാണാത്ത ലാഭത്തെ മറച്ചുവെച്ച് അഴിമതിയെന്ന വലിയ പ്രചാരണം നടന്നു. അന്ന് അതിനൊപ്പമുണ്ടായിരുന്നു ഇടതുപക്ഷവും. അതേസമയം, സര്‍ക്കാര്‍ നല്‍കിയ സൗജന്യങ്ങളെ മറയാക്കി വന്‍കിട കമ്പനികളുണ്ടാക്കിയ കൊള്ളലാഭം അത്രത്തോളം വലിയ വിഷയമായതുമില്ല. ലക്ഷം കോടിയുടെ അഴിമതി സര്‍ക്കാര്‍ തലത്തിലുണ്ടായെന്ന പ്രചാരണം രാജ്യത്തുണ്ടാക്കിയ പ്രതിലോമകരമായ രാഷ്ട്രീയം എന്താണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടാകും, ഇടതുപക്ഷമുള്‍പ്പെടെ.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് മസാല ബോണ്ടിറക്കി വിദേശ വിപണിയില്‍ നിന്ന് വായ്പയെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന സി എ ജി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തിലാണ് അധികം പഴകാത്ത കഥകളോര്‍ത്തത്. വായ്പകളെടുക്കാവുന്ന സ്ഥാപനമായി കിഫ്ബിയെ മാറ്റിയത് കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യൂ വരുമാനം കുറയുകയും വായ്പയായെടുക്കുന്ന തുക പോലും ഏതാണ്ട് പൂര്‍ണമായി ദൈനംദിന ചെലവിനായി വിനിയോഗിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വികസന പദ്ധതികളുടെ നടപ്പാക്കലിന് ബജറ്റിന് പുറത്ത് കടമെടുക്കുക എന്ന ആലോചനയിലേക്ക് 2016ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാറെത്തിയത്. ചരക്ക് സേവന നികുതി നടപ്പാക്കുകയും സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനുള്ള സാധ്യത ഏതാണ്ട് പൂര്‍ണമായി ഇല്ലാതാകുകയും ചെയ്തതും ഇത്തരത്തിലുള്ള വിഭവ സമാഹരണം അനിവാര്യമാക്കി. ആ ശ്രമം ഏതാണ്ട് വിജയകരമായി നടപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാറിനായി. ആഭ്യന്തര വിപണിക്ക് പുറമെ വിദേശ വിപണിയില്‍ നിന്ന് കൂടി, കടമെടുക്കുന്നതിന് മസാല ബോണ്ടിറക്കിയത് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെയും. ഇതാണ് കേന്ദ്രാനുമതിയില്ലാത്ത കടമെടുപ്പാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സി എ ജി പറയുന്നത്.

രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും ബേങ്കുകളും മസാല ബോണ്ടിറക്കി കടമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍, നിയമം മൂലം രൂപവത്കരിച്ച സ്ഥാപനം വഴി മസാല ബോണ്ടിറക്കി വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചിത്രീകരിക്കുന്നതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അധികാരങ്ങള്‍ വെട്ടിച്ചുരുക്കി, സംസ്ഥാനങ്ങളെ മുഴുവന്‍ റബ്ബര്‍ സ്റ്റാമ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്, വിഭവ സമാഹരണത്തിന് സ്വന്തം വഴി കണ്ടെത്തി മുന്നേറുന്ന കേരളത്തെ സഹിക്കുക പ്രയാസമാണ്. കേന്ദ്രം നല്‍കുന്ന വിഹിതമുപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത സംവിധാനങ്ങള്‍ മാത്രമായി സംസ്ഥാന ഭരണകൂടങ്ങള്‍ മാറണമെന്നാണ് അവരുടെ ആഗ്രഹം. അതിന്റെ പ്രതിഫലനമാണ്, കേന്ദ്രം നല്‍കുന്നത് വിതരണം ചെയ്യുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് പുച്ഛത്തോടെ ബി ജെ പിയുടെ കേരളത്തിലെ സംസ്ഥാന പ്രസിഡന്റ് പോലും പറയുന്നത്. കേരളത്തിലെ ജനം നല്‍കുന്ന നികുതിയുടെ വിഹിതം പോലും യഥാസമയം നല്‍കാത്ത കേന്ദ്ര സര്‍ക്കാറിനെക്കുറിച്ചാണ് ഈ പറച്ചിലെന്നത് ജനം പെട്ടെന്ന് ഓര്‍ക്കില്ലെന്ന സൗകര്യം പുച്ഛത്തോടെ വ്യാജം വിളമ്പുന്ന ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റിനുണ്ട്.
ഏതാണ്ട് ഇതേ നിലവാരത്തിലാണ് സി എ ജിയും പ്രവര്‍ത്തിക്കുന്നത്. നിയപരമായ മാര്‍ഗങ്ങളിലൂടെ പ്രത്യേക വാഹനങ്ങള്‍ (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) ഉണ്ടാക്കി വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്ന കേരള മാതൃക വിജയം കണ്ടാല്‍, ഇതര സംസ്ഥാനങ്ങളും അതേ വഴിക്ക് തിരിയും. അധികാരം കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളെ പാവകളാക്കുക എന്ന കേന്ദ്ര ഭരണം ഇപ്പോള്‍ കൈയാളുന്നവരുടെ പദ്ധതി നടപ്പാകില്ല. അപ്പോള്‍ പിന്നെ കേരളത്തിന്റെ വഴി മുടക്കുക തന്നെ വേണം. അതിനേറ്റം ഫലപ്രദമായ വഴി സംഗതി ഭരണഘടനാ വിരുദ്ധമെന്ന് പറയുകയല്ലാതെ മറ്റൊന്നല്ല.

രാജ്യദ്രോഹമെന്ന മുദ്രകുത്തി ഇല്ലാതാക്കുക എന്നതാണ് സംഘ്പരിവാര്‍ രീതി. സര്‍ക്കാര്‍ സ്ഥാപനമാകയാല്‍ സി എ ജിക്ക് അങ്ങനെ പറയുക വയ്യല്ലോ! അതിനാല്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നു. അര്‍ഥത്തില്‍ രണ്ടുമൊന്നു തന്നെ. വസുന്ധരരാജെ സിന്ധ്യ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉപമുഖ്യമന്ത്രിയെന്ന് അപര നാമമുണ്ടായിരുന്ന ചീഫ് സെക്രട്ടറി രാജീവ് മഹര്‍ഷിയും ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ദീര്‍ഘകാലം ആഭ്യന്തര സെക്രട്ടറിയായിരുന്ന (ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ പേരിലെടുത്ത കേസുകളൊക്കെ നിയമപരമായി തന്നെ തേച്ചുമാച്ചു കളയുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാള്‍) ഗിരീഷ് ചന്ദ്ര മുര്‍മുവുമൊക്കെ സി എ ജി സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാനില്ല.

പ്രതിലോമകരമായ രാഷ്ട്രീയത്തെ പ്രതിധ്വനിപ്പിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തയ്യാറാകുമ്പോള്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുക എന്നതാണ് ശരി. സി എ ജി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനും സംസ്ഥാനത്തിന്റെ പ്രതികരണമാരായാതെ കിഫ്ബി സംബന്ധിച്ച വിമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയ (കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് കൂടിയാണ്) സി എ ജിയുടെ നടപടി അനുചിതമായെന്ന് പ്രഖ്യാപിക്കാനും പ്രമേയം പാസ്സാക്കിയ കേരള നിയമസഭ ആ രാഷ്ട്രീയ പ്രക്രിയയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാറിന്റെയും അവരുടെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് പാടുന്ന ഏജന്‍സികളുടെയും സാമന്തന്മാരല്ലെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രക്രിയ കൂടിയാണത്. സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങള്‍ പരിഗണിച്ചും ഫെഡറല്‍ ഭരണക്രമത്തിന്റെ സംരക്ഷണത്തിന് ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ വേണ്ടിവരുമെന്നത് കണക്കിലെടുത്തും അതിനോട് പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടി യോജിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. തീവ്ര ഹിന്ദുത്വത്തിന് വഴിയൊരുക്കിയ കോണ്‍ഗ്രസിന്റെ പാരമ്പര്യം ഒഴിവാക്കാനാകില്ലല്ലോ അതിന്റെ ഇവിടുത്തെ നേതാക്കള്‍ക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest