Kerala
സ്പ്രിന്‍ക്ലര്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല; പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരണം: മന്ത്രി ജയരാജന്‍

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ കരാറില്‍ ഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് അന്തിമമല്ല. അതിനുശേഷം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാകൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായേക്കുമെന്ന് കണക്കുകൂട്ടിയാണ് ഇങ്ങനെയൊരു കരാറുണ്ടാക്കിയത്. അതൊരിക്കലും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല.
പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരണം. കേരളത്തിന്റെ വളര്‍ച്ചയെ അസൂയയോടെ നോക്കുന്നത് കൊണ്ടാണ് പ്രതിപക്ഷത്തിന് കാര്യങ്ങള്‍ ശരിയായി നിരീക്ഷിക്കാന്‍ കഴിയാത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് സ്പ്രിന്‍ക്ലര്‍ കരാറെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സ്വന്തം വകുപ്പില്‍ ഇങ്ങനെയൊരു അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.