Connect with us

Kerala

ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്റെ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്റെ ഹരജി സുപ്രിംകോടതി തള്ളി. ക്രമസമാധാനം പോലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്. ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും ഇതില്‍ ഉത്തരവ് പാസാക്കില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കോടതി നിലപാട് കടുപ്പിച്ചതോടെ ഡല്‍ഹി പോലീസ് അപേക്ഷ പിന്‍വലിച്ചു.

അതേസമയം, ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്മാറിയ സാഹചര്യത്തില്‍ സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നിലപാട് അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി.
അതിനിടെ, ഒരു സമിതിയുടെയും മുന്നില്‍ പോകില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിച്ചു. നിയമം സ്റ്റേ ചെയ്ത സാഹചര്യത്തില്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു കൂടെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ സംഘടനകളെ ഉപദേശിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷനോട് ആവശ്യപ്പെട്ടു.