Kerala
ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം | ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസകിന് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നും മന്ത്രി സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ട് അതീവഗൗരവതരമാണെന്നും ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിഎജിയുടെ കണ്ടെത്തല്‍ സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ ലംഘനം ഉണ്ടാക്കി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ധനമന്ത്രി നല്‍കിയില്ല. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്നും ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു.