Connect with us

Articles

അര്‍ണബ്, താങ്കള്‍ നഗ്നനാണ്‌

Published

|

Last Updated

മാധ്യമ പ്രവര്‍ത്തനം എങ്ങനെയാകരുത് എന്ന കാര്യത്തിലാണ് അര്‍ണബ് ഗോസ്വാമി മാതൃകയാകുന്നത്. തന്റെ “ഇരുപത്തിനാല് ഗുണം ഏഴ്” നുണ ഫാക്ടറി നടത്തിക്കൊണ്ടുപോകാന്‍ നാട്ടിലെ സ്വസ്ഥതയും സമാധാനവും താറുമാറാക്കിയ സാമൂഹിക ദ്രോഹി എന്ന നിര്‍വചനത്തില്‍ നിന്ന് എല്ലാം തികഞ്ഞ രാജ്യദ്രോഹി എന്ന നിലയിലേക്ക് “വളര്‍ന്നിരിക്കുകയാണ്” ഇയാള്‍. ടി ആര്‍ പി റേറ്റിംഗില്‍ ക്രമക്കേട് നടത്തി പരസ്യ ദാതാക്കളെയും പ്രേക്ഷകരെയും കബളിപ്പിച്ച് അയാളുണ്ടാക്കിയ വാര്‍ത്തകളുടെയും അതിനപ്പുറം കള്ളങ്ങളുടെയും മൊത്തവ്യാപാരത്തിന് മുംബൈ പോലീസ് തടയിട്ടതോടെ മൂക്കുകുത്തുന്നത് അര്‍ണബ് ഗോസ്വാമിയെന്ന തീവ്ര വംശീയവാദിയായ നുണയന്‍ മാത്രമല്ല അയാള്‍ക്ക് അതിനുള്ള സാഹചര്യങ്ങളെല്ലാം തയ്യാറാക്കുന്ന ഒരു ഫാസിസ്റ്റ് പ്രോപഗണ്ട മെഷിനറിയുടെ ഏറ്റവും കാതലുള്ള അടിത്തറ കൂടിയാണ്.
അര്‍ണബ് ഗോസ്വാമി തന്റെ റിപ്പബ്ലിക് ചാനലിലൂടെ വിസര്‍ജിച്ചതും വമിച്ചതുമായ വിദ്വേഷത്തിന്റെയും വിഷത്തിന്റെയും കണക്കെടുപ്പ് എത്രയോ തവണ ഇന്ത്യയിലെ മതനിരപേക്ഷ പൊതുബോധം നടത്തിയിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ വിഷയങ്ങള്‍ ഇത്രയും നാളുണ്ടായതിനേക്കാള്‍ എത്രയോ മടങ്ങ് ഗൗരവപ്പെട്ടതാണ്. അന്‍വയ് നായിക് എന്ന ആര്‍കിടെക്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി തിരക്കിട്ട് അര്‍ണബിന് ജാമ്യം കൊടുത്തു. ഇന്ത്യയില്‍ “സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം” സംരക്ഷിക്കാന്‍ സുപ്രീം കോടതി കാണിച്ച “താത്പര്യം” പക്ഷേ അര്‍ണബിന് മാത്രം കിട്ടുന്ന പ്രിവിലേജാണെന്ന വിമര്‍ശനം ഇവിടെ ഉയര്‍ന്നിരുന്നല്ലോ. കാരണം ഏതെങ്കിലും ബി ജെ പി വിരുദ്ധ സര്‍ക്കാര്‍, മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രം ഉലയുന്നതാണല്ലോ ഇന്നത്തെ ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം. യോഗി ആദിത്യനാഥിന്റെ പോലീസ് പിടിച്ചുകൊണ്ടുപോയി യു എ പി എ ചുമത്തി ജയിലിലിട്ട സിദ്ദീഖ് കാപ്പന്റെ വിഷയമൊക്കെ സാവധാനം പരിഗണിച്ചാലും ശേഷം ജാമ്യം കൊടുക്കാതിരുന്നാലും നമ്മുടെ നാട്ടിലെ മാധ്യമ പ്രവര്‍ത്തനത്തിനും അവകാശത്തിനും ഒന്നും സംഭവിക്കില്ലെന്നായിരിക്കുമോ പരമോന്നത നീതി പീഠത്തിന്റെ ധാരണ?
വര്‍ഗീയ ധ്രുവീകരണവും വ്യക്തിഹത്യയും പ്രോപഗണ്ട നിര്‍മിതിയുമായി ഇന്ത്യയിലെ “വാര്‍ത്താ വിപണന”ത്തില്‍ ലക്ഷണമൊത്ത സംഘ്പരിവാര്‍ ചേരി നിര്‍മിച്ചെടുത്ത അര്‍ണബിന്റെ നുണ സാമ്രാജ്യം വലിച്ചു താഴെയിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാണിച്ച ധൈര്യം തന്നെയാണ് അവിടുത്തെ ശിവസേന-കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിലുള്ള പ്രതീക്ഷ. സോണിയാ ഗാന്ധിക്കെതിരില്‍ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളുടെ പേരില്‍ അര്‍ണബിനെ മുംബൈ പോലീസ് നേരത്തേ ഒന്ന് കുടഞ്ഞതായിരുന്നു. മഹാരാഷ്ട്രയിലെ മന്‍ഡ്‌സരില്‍ ആള്‍ക്കൂട്ടം ചില വയോധികരായ സന്യാസികളെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് അടിസ്ഥാനരഹിതമായ കഥകള്‍ മെനഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കവെയായിരുന്നു സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള അര്‍ണബിന്റെ വാര്‍ത്താവതരണം. അന്ന് മുംബൈ പോലീസുമായി നടത്തിയ ഏറ്റുമുട്ടലോടെ അര്‍ണബിന്റെ തലവര “തെളിഞ്ഞു.” പിന്നീട് ടി ആര്‍ പി റേറ്റിംഗ് അഴിമതിയുടെ വിവരങ്ങള്‍ മുംബൈ പോലീസ് പുറത്തുകൊണ്ടുവന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ കൊലപാതകമാക്കാനും, റീഹ ചക്രബര്‍ത്തിക്കെതിരെ അപവാദ കഥകള്‍ മെനയാനും, കങ്കണയെ പുകഴ്ത്താനും റിപ്പബ്ലിക് ചാനലില്‍ ചമ്രം പടിഞ്ഞിരുന്ന് നാടകം കളിക്കുകയായിരുന്നു കുറെ കാലമായി അര്‍ണബ്.

വസ്തുതകള്‍ അന്വേഷിക്കാനും വാര്‍ത്തകള്‍ പക്ഷപാതിത്വമില്ലാതെ പൊതുമധ്യത്തില്‍ എത്തിക്കാനുമുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ സാമാന്യമായ കടമകളെ പോലും അട്ടിമറിച്ചാണ് റിപ്പബ്ലിക് ചാനല്‍ തറകെട്ടിയതും എടുപ്പുയര്‍ത്തിയതും. 2012ന് ശേഷം ഹിന്ദി-ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ കാണാനായ സംഘ്പരിവാര്‍ വിധേയത്വം ഏറ്റവും തീവ്രമായി എടുത്തുയര്‍ത്തിയ അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ എന്ന തന്റെ സ്വപ്‌ന സംരംഭം നിലനിര്‍ത്തിപ്പോന്നത് മോദി ഭരണവുമായുള്ള തന്റെ അവിശുദ്ധമായ കൂട്ടുകെട്ടിലൂടെയും കൂട്ടിക്കൊടുപ്പിലൂടെയും ടി ആര്‍ പി റേറ്റിംഗ് അടക്കമുള്ള സാങ്കേതികത്വങ്ങളില്‍ തിരിമറി കാണിച്ചുമാണ് എന്ന് വെളിപ്പെടുത്തുന്ന പുതിയ വിവരങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തെ തന്നെ അടിമുടി ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട് എന്നുകൂടിയാണ് പറയുന്നത്.

ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്ഥിതി കണക്കാക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസർച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന ബാര്‍ക്കിന്റെ മേധാവിയായിരുന്ന പാര്‍ത്തോ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സ്ആപ്പ് സംഭാഷണങ്ങളുടെ വിവരങ്ങള്‍ ടി ആര്‍ പി അഴിമതിയുടെ ചെറിയ കുരിക്കിലൊന്നും ഒതുങ്ങിത്തീരില്ല. ദേശീയ സുരക്ഷ എന്ന ബി ജെ പിയുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ആയുധം എത്രമേല്‍ വലിയ കാപട്യമാണെന്ന് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള അര്‍ണബ്-പാര്‍ത്തോ ചാറ്റുകളിലെ വിവരങ്ങള്‍. അതീവ രഹസ്യമായി, അതീവ നയതന്ത്രജ്ഞതയോടെ നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ബാലാകോട്ട് ആക്രമണം അടക്കമുള്ള വിവരങ്ങള്‍ സംഭവം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്നേ അര്‍ണബിന് അറിയാമായിരുന്നു എന്നത് എത്രമേല്‍ ഗുരുതരമായ വീഴ്ചയാണ്. നമ്മുടെ സൈനിക ഇന്റലിജന്‍സ് അത്രകണ്ട് ദുര്‍ബലമാണെന്നാണോ ഇതിനര്‍ഥം? അതോ, പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഓഫീസുകള്‍ റിപ്പബ്ലിക് ടി വിയിലേക്ക് തുരങ്കം പണിതിട്ടുണ്ടെന്നോ? 40 ജവാന്മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ സന്തോഷിക്കുന്ന അര്‍ണബ് ഇത് അയാളുടെ “വലിയ ബോസി”ന് തിരഞ്ഞെടുപ്പില്‍ വലിയ വിജയം സമ്മാനിക്കുമെന്ന് ആഘോഷിക്കുന്നത് കൂടി കാണാം. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന് പിന്നില്‍ ശക്തമായ ഒരന്വേഷണം അനിവാര്യമായിരിക്കുന്നു എന്നുകൂടി മനസ്സിലാക്കണം. അത്രയും ജവാന്മാരെ ആക്രമിക്കാന്‍ പാകത്തിന് എങ്ങനെയാണ് സുരക്ഷാ വീഴ്ച ഉണ്ടാകുക എന്ന് നേരത്തേ ഉയര്‍ന്ന സംശയങ്ങള്‍ ഇപ്പോള്‍ വീണ്ടും കനക്കുകയാണ്.
മോദി സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥി പ്രക്ഷോഭകരെയും ദേശദ്രോഹി ചാപ്പ കുത്തുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന അര്‍ണബ് കാലമിത്രയും ചെയ്തുകൂട്ടിയ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പറ്റി പൊതുജനങ്ങള്‍ക്ക് അറിയാന്‍ ഇടവന്നിരിക്കുകയാണ് ഇപ്പോള്‍. ബി ജെ പിയുടെ പാര്‍ട്ടി ഓഫീസ് മുതല്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കാര്യാലയങ്ങള്‍ വരെയും അയാളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളികളാണെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു.

മോദിയുടെ ഗുജറാത്ത് കാലം മുതല്‍ക്കുള്ള മാധ്യമ സുഹൃത്തും ഉപദേഷ്ടാവുമൊക്കെയായ രജത് ശര്‍മയോട് അര്‍ണബിനുള്ള അസൂയ മുതല്‍ തങ്ങളുടെ ടി ആര്‍ പി റേറ്റിംഗ് അഴിമതിക്ക് വിലങ്ങുവെക്കാന്‍ സാധ്യതയുണ്ടായിരുന്ന ടെലികോം റെഗുലേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോടുള്ള അരിശം അടക്കം അര്‍ണബിന്റെ അവിശുദ്ധവും അഴിമതിപൂര്‍ണവുമായ അനവധി അന്തര്‍നാടകങ്ങളുടെ കള്ളികളാണ് വെളിച്ചത്തായിട്ടുള്ളത്. അതില്‍ ട്രായിയെ നിലക്ക് നിര്‍ത്താനുള്ള ദാസ് ഗുപ്തയുടെ ആശങ്കകളെ, “അരുണ്‍ ജെയ്റ്റ്‌ലി തീര്‍ന്ന സ്ഥിതിക്ക് ട്രായ് ഇനി പല്ലുകൊഴിഞ്ഞ സിംഹ”മാണെന്ന മറുപടി കൊണ്ടാണ് അര്‍ണബ് സമാധാനിപ്പിക്കുന്നത്. ഇനി “എ എസ്” എല്ലാം നോക്കിക്കോളുമെന്ന്, എ എസിന് ഞാന്‍ “ബി ജെ”യെ കൊടുത്തു എന്നിങ്ങനെ ചാറ്റുകളില്‍ ഉടനീളം കാണുന്ന ഈ “എ എസ്” അമിത് ഷാ ആണെന്ന് കരക്കമ്പിയുണ്ട്. അങ്ങനെ “എ എസും” “ബോസും” തുടങ്ങിയ വലിയ സ്രാവുകളും സ്മൃതി ഇറാനി അടക്കമുള്ള മറ്റുള്ളവരും സ്ഥിരമായി പരാമര്‍ശിക്കപ്പെടുന്ന ഈ ചാറ്റുകള്‍ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് പുറമെ ജോയിന്റ് പാര്‍ലിമെന്റ് കമ്മിറ്റിയുടെ അന്വേഷണം കൂടി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കേട്ടഭാവം നടിക്കാന്‍ തന്നെ സാധ്യതയില്ല.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആകുന്നതും വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ആയേക്കുമെന്നതും തുടങ്ങി സര്‍ക്കാറിലെ സ്ഥാനമാറ്റങ്ങളും സാധ്യതകളും വരെ അര്‍ണബ് അറിയുന്നത് എങ്ങനെയാണ്? കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതടക്കമുള്ള വിഷയങ്ങള്‍ നേരത്തേ അറിഞ്ഞു കിട്ടാനുള്ള അര്‍ണബിന്റെ പ്രിവിലേജ് എന്താണ്? പാര്‍ലിമെന്റില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുന്നത് തന്നെ സഭാംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാതെയും പാര്‍ലിമെന്ററി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുമാണ്. ഈ രാജ്യത്ത് വിഷം തുപ്പുന്ന ഒരു മാധ്യമ പ്രവര്‍ത്തകന് നിയമനിര്‍മാണ സഭയിലെ അംഗങ്ങളേക്കാളും കൈവന്ന സ്വാധീനം അന്വേഷണ വിധേയമാക്കാതെ വിട്ടുകളയുന്നത് അനുവദിച്ചുകൂടാ.

സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഇന്ത്യയുടെ നിലവിലെ സാമ്പത്തിക-രാഷ്ട്രീയ അച്ചുതണ്ടിന് വേണ്ടതെല്ലാം അളവും തൂക്കവും ഒപ്പിച്ച് വാര്‍ത്തകളെന്ന പേരില്‍ ചുട്ടെടുത്ത് വിളമ്പാന്‍ അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനല്‍ പോലുള്ള മാധ്യമങ്ങളുണ്ട്. ഇത്തരം മാധ്യമ സ്ഥാപനങ്ങളെയും, സര്‍ക്കാറിലും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലുമുള്ള അവരുടെ അവിഹിത ബന്ധങ്ങളെയും സ്വാധീനങ്ങളെയും ഇഴകീറി പരിശോധിച്ചാല്‍ ജനാധിപത്യ ഇന്ത്യയെ കുഴിയിലേക്കെടുക്കാന്‍ ഇവരെല്ലാവരും ചേര്‍ന്ന് തയ്യാറാക്കിയ ദേശവിരുദ്ധ മാസ്റ്റര്‍ പ്ലാന്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

എന്‍ എസ് അബ്ദുല്‍ ഹമീദ്