Connect with us

Ongoing News

ഏറ്റവും കൂടുതല്‍ കാലം കലക്ടറായിരുന്ന നേട്ടവും പി ബി നൂഹിന്

Published

|

Last Updated

പ്രളയ കാലഘട്ടത്തില്‍ വൃദ്ധയോടൊപ്പം പി ബി നൂഹ്

പത്തനംതിട്ട | 1982 നവംബര്‍ ഒന്നിനു രൂപീകൃതമായ പത്തനംതിട്ട ജില്ലയില്‍ കലക്ടറായി ഏറ്റവും കൂടുതല്‍ സേവനം ചെയ്ത പദവിയുമായി പി ബി നൂഹ്. 2018 ജൂണ്‍ മൂന്നിനാണ് പി ബി നൂഹ് പത്തനംതിട്ടയില്‍ കലക്ടറായി ചുമതലയേല്‍ക്കുന്നത്. ജില്ലയുടെ 34ാമത്തെ കലക്ടറായിരുന്നു അദ്ദേഹം. കലക്ടര്‍ പദവിയില്‍ രണ്ടുവര്‍ഷവും ഏഴുമാസവും പിന്നിട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം സഹകരണ രജിസ്ട്രാര്‍ സ്ഥാനത്തേക്കു മാറ്റി.

ഡോ.നരസിംഹുഗാരി ടി എല്‍ റെഡ്ഢിയാണ് ജില്ലയുടെ പുതിയ കലക്ടര്‍. മാത്യു സി കുന്നുങ്കലാണ് ജില്ലയുടെ പ്രഥമ കലക്ടര്‍. 1982 നവംബര്‍ ഒന്നിനു ചുമതലയേറ്റ അദ്ദേഹം 1984 ഏപ്രില്‍ 24വരെ സ്ഥാനത്തു തുടര്‍ന്നു. എസ് ഹരികിഷോറാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കാലം ജില്ലയില്‍ കലക്ടറായി സേവനമനുഷ്ഠിച്ചത്. 2014 മാര്‍ച്ച് 15നു ചുമതലയേറ്റ അദ്ദേഹം 2016 ഓഗസ്റ്റ് 11വരെ ആ സ്ഥാനത്തു തുടര്‍ന്നു. അതിനു മുമ്പ് ഏറ്റവും കൂടുതല്‍ കാലം കലക്ടറായിരുന്നത് കെ ബി വത്സലകുമാരിയാണ്. 1994 ജൂണ്‍ 20 മുതല്‍ 1996 ജൂലൈ ഒന്നുവരെ സ്ഥാനത്തു തുടര്‍ന്നു.

സമാനതകളില്ലാത്ത കാലഘട്ടം

മഹാപ്രളയം, ശബരിമല സ്ത്രീ പ്രവേശം, കൊവിഡ്19…  പി ബി നൂഹ് പത്തനംതിട്ടയില്‍ കലക്ടറായി ചുമതലയേറ്റതിനുശേഷം തിരക്കൊഴിയാത്ത ദിനങ്ങളായിരുന്നു. യുവത്വത്തെ വിശ്വസിച്ച് സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജില്ലയെ വഴിനടത്തിയ കലക്ടര്‍ പടിയിറങ്ങുകയാണ്.

തിരക്കൊഴിഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ടയെന്നും ഇവിടെ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലെന്നുമൊക്കെയാണ് 2018ല്‍ പി ബി നൂഹ് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ചിന്ത. ഇനി പത്തനംതിട്ടയില്‍ നിന്നു യാത്ര പറയുമ്പോള്‍ ഈ ജില്ല ഏറെ സമ്പുഷ്ടമെന്ന് നൂഹ് പറയും. കേരളത്തിലെ നമ്പര്‍ വണ്‍ ആയി പത്തനംതിട്ട മാറാനുള്ള സകലശേഷിയും ഇവിടെയുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. ജില്ലാ കലക്ടറെന്ന ചുമതലയിലെ ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ പ്രതിസന്ധികള്‍ ഒന്നിന് പുറകെ ഒന്നായി പി ബി നൂഹിനു മുമ്പിലേക്കു കടന്നുവന്നു. 2018 ജൂലൈയില്‍ ജില്ലയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടങ്ങി. പടിഞ്ഞാറന്‍ മേഖലയിലേക്കാണ് കലക്ടര്‍ ആദ്യ ശ്രദ്ധ നല്‍കിയത്. വെള്ളം ഒഴുകിപ്പോകാനുള്ള കൈവഴികളെല്ലാം അടച്ചതോടെ ഒറ്റപ്പെട്ടുപോയ തുരുത്തുകളിലേക്കുള്ള സഹായമാണ് ആദ്യ വെല്ലുവിളിയായത്. തിരുവല്ല താലൂക്കില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കലക്ടര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇത് അക്ഷരംപ്രതി നിവര്‍ത്തിയാകാന്‍ അധികകാലം വേണ്ടിവന്നില്ല. 2018 ആഗസ്റ്റ് 14 രാത്രി കലക്ടറുടെ ഉത്തരവാദിത്വം ഏറി. അര്‍ധരാത്രിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കലക്ടര്‍ നേരിട്ടെത്തി. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ജാഗ്രതാനിര്‍ദേശം. ജില്ലാ കലക്ടറും നാടുമായി നേരിട്ടൊരു ബന്ധം ആരംഭിച്ചത് അവിടെ നിന്നാണ്. മഹാപ്രളയം ജില്ലയെ വിഴുങ്ങിയപ്പോഴും കൈപിടിച്ചു കൂടെനില്‍ക്കാന്‍ പി ബി നൂഹുണ്ടായിരുന്നു.

ഏതാണ്ട് ആറുദിവസം പൂര്‍ണമായി കലക്ടറേറ്റിലും പ്രളയബാധിതമേഖലകളിലുമായി ചെലവഴിച്ചുകൊണ്ടു നടത്തിയ രക്ഷാപ്രവര്‍ത്തനം. ഏകോപനത്തിന് മുന്‍ കലക്ടര്‍ എസ് ഹരികിഷോര്‍ കൂടി എത്തിയതോടെ സമാനതകളില്ലാത്ത പ്രളയകാലത്തെ ജില്ല അതിജീവിച്ചു. പിന്നീട് പ്രളയ ദുരിതാശ്വാസത്തിന്റെ തിരക്കായിരുന്നു. യുവസമൂഹത്തെ ഒപ്പം നിര്‍ത്തി സന്നദ്ധസേനയെ സജീവമാക്കിയതിന്റെ പ്രയോജനം ശരിക്കുമുണ്ടായി. പ്രളയക്കെടുതിയിലായവര്‍ക്ക് സഹായം എത്തിക്കല്‍, ശുചീകരണം തുടങ്ങിയ ജോലികള്‍ക്ക് ജില്ലാ കലക്ടര്‍ തന്നെ നേതൃത്വം നല്‍കി. പിന്നീടുള്ള ദുരിതാശ്വാസവും അതിജീവനവുമൊക്ക എടുത്തുപറയത്തക്ക ഏകോപനമായി.

അധികം വൈകിയില്ല. ഒക്ടോബറെത്തിയപ്പോഴേക്കും ഇതാ വരുന്നു അടുത്ത വിഷയം. ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ശബരിമല ദര്‍ശനത്തിന് അനുമതി തേടി ഏതു സ്ത്രീ എത്തിയാലും കടത്തിവിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം. ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയതോടെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ഏറി. 2018 ഒക്ടോബറില്‍ മാസപൂജയ്ക്കു നട തുറക്കുമ്പോള്‍ സംഘര്‍ഷഭരിതമായ ദിനങ്ങള്‍. ലാത്തിച്ചാര്‍ജും അക്രമങ്ങളും അറസ്റ്റുമെല്ലാംകൂടി ജില്ലാ ഭരണകൂടത്തിന്റെ ഉറക്കംകെടുത്തി.  കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ വേണ്ടത്ര ജാഗ്രത കാട്ടി കലക്ടര്‍. നവംബറില്‍ മണ്ഡലകാലം ആരംഭിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംഘര്‍ഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് ആക്ട് പ്രകാരം 144 പ്രഖ്യാപിച്ച് ശബരിമല മുന്നോട്ടു പോയ ദിനങ്ങള്‍. പിന്നീടുള്ള മാസപൂജാ സമയങ്ങളിലും 2019ലെ മണ്ഡലകാലത്തുമൊക്കെ ശബരിമല പ്രത്യേക ശ്രദ്ധയിലാകേണ്ടിവന്നു. 2019ലും പ്രളയം ജില്ലയില്‍ എത്തി. മുന്‍കാല അനുഭവം ഇത്തവണ ഏറെ പ്രയോജനം ചെയ്തു. ജില്ലയിലെ സംഭരണികളുടെ അതാത് ദിവസത്തെ ജലനിരപ്പ് ശ്രദ്ധയോടെ വീക്ഷിക്കാനും മുന്‍കരുതലെന്ന നിലയില്‍ മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കി ഷട്ടറുകള്‍ തുറക്കാനും കഴിഞ്ഞു.

മഹാപ്രളയത്തിന്റെ പുനരധിവാസത്തോടൊപ്പം വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ ഇവയെല്ലാം കലക്ടറുടെ ചുമതലയിലായി. ഇതിനിടയില്‍ കൊടുംവനത്തിനുള്ളില്‍ ജീവിതം തള്ളിനീക്കിയ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 97 നാടോടി കുടുംബങ്ങളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ് പരിഹാരം തേടിയുള്ള നടപടിയുണ്ടായി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, കോന്നി ഉപതിരഞ്ഞെടുപ്പ് ഇവയെല്ലാം കഴിഞ്ഞതോടെ ഒരു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യം ഇറങ്ങിയ ഉത്തരവ് പിന്നീട് തിരുത്തി. അങ്ങനെ പത്തനംതിട്ടയില്‍ സേവനം തുടരുമ്പോഴാണ് രാജ്യത്തുതന്നെ ശ്രദ്ധാകേന്ദ്രമായി പത്തനംതിട്ട മാറുന്നത്.

2020 മാര്‍ച്ച് എട്ടിന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണിത്. സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ മുന്നറിയിപ്പ്. സമാനതകളില്ലാത്ത മറ്റൊരു പ്രശ്‌നത്തെയും സധൈര്യം നേരിട്ടു. സോഷ്യല്‍ മീഡിയ ബന്ധം അവിടെയും കലക്ടറെ തുണച്ചു. കൃത്യമായി എല്ലാ വിവരങ്ങളും നേരിട്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പി ബി നൂഹ് യുവസമൂഹത്തിന്റെ “ബ്രോ” ആയി മാറി. സമാനതകളില്ലാത്ത കൊവിഡ് കാലത്തെ നേരിട്ട രീതി ദേശീയ ശ്രദ്ധ നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഭിനന്ദനം നേടി. കൊവിഡ് ബാധിതരായവരുമായി സമ്പര്‍ക്കത്തിലായവരെ ക്വാറന്റൈനീലാക്കുകയും കൃത്യമായ പരിശോധനകളിലൂടെ വ്യാപനം തടയാനും ശ്രമിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാടിനെ ഒപ്പം നിര്‍ത്താനായി.

രാജ്യത്ത് ആദ്യമായി രോഗബാധിതരുടെ റൂട്ട് മാപ്പ് തയാറാക്കി അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുമായി. സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദി ചെയ്ന്‍ കാമ്പെയ്‌നു തുടക്കമായതും പത്തനംതിട്ടയില്‍ നിന്ന്. കൊവിഡ് കാലത്തെ ലോക്ക്ഡൗണ്‍, അതിഥി തൊഴിലാളികളുടെ സംരക്ഷണം, അവരുടെ മടക്കം, പ്രവാസികളുടെ വരവ്, കൊവിഡ് വ്യാപനത്തിന്റെ അടുത്തഘട്ടം, ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ്, കൊവിഡ് രോഗികളുടെ ചികിത്സാ സൗകര്യം എന്നിവ അതീവ ജാഗ്രതയോടെ നേരിട്ട നാളുകള്‍. സജീവമായ ഇടപെടലിലൂടെ കലക്ടര്‍ തന്നെ പ്രതിരോധത്തിനു നേതൃത്വം നല്‍കി.

ഇതിനിടെ കോന്നി ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് ഭക്ഷണസാധനങ്ങള്‍ ചുമന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എയ്‌ക്കൊപ്പം നടത്തിയ യാത്രയും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പും ഭംഗിയായി പൂര്‍ത്തീകരിച്ചു. നമുക്ക് എല്ലാം ചെയ്യാനാകും, ചെയ്തതിലും നല്ലതിനേക്കാള്‍ ചെയ്യാനാകും. നമ്മുടെ കുട്ടികളെ നമുക്ക് വിശ്വസിക്കാം, ഇവര്‍ക്ക് എന്തും നന്നായി ചെയ്യാനാകും. അതു പ്രയോജനപ്പെടുത്തണം. ഇതാണ് കലക്ടര്‍ ബ്രോയ്ക്ക് നല്‍കാനുള്ള പ്രധാന സന്ദേശം.

---- facebook comment plugin here -----

Latest