Connect with us

Gulf

ദുബൈ വേള്‍ഡ് എക്സ്പോ-2020; പവലിയന്‍ പൊതുജനങ്ങള്‍ക്കായി അടുത്താഴ്ച തുറക്കും

Published

|

Last Updated

ദുബൈ | ദുബൈ വേള്‍ഡ് എക്സ്പോ പവലിയന്‍ അടുത്താഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സസ്റ്റൈനബിലിറ്റി പവലിയനാണ് വരുന്ന 22 മുതല്‍ തുറക്കുന്നത്. യു എ ഇയിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പവലിയന്‍ സന്ദര്‍ശിക്കാം. ദുബൈയിലെ മാധ്യമ പ്രവര്‍ത്തക സംഘം ഇന്നലെ പവലിയന്‍ ചുറ്റിക്കണ്ടു. യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ഓഫീസ് ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്‌റാഹീം അല്‍ ഹാശിമി മാധ്യമ സംഘത്തെ പവലിയനിലേക്ക് സ്വാഗതം ചെയ്തു. “കഴിഞ്ഞ ഒരു മണിക്കൂര്‍ സമയം, സമുദ്രത്തിന്റെ ആഴിയിലൂടെയോ നിബിഡ വനത്തിലൂടെയോ നിങ്ങള്‍ ഒരു യാത്രചെയ്ത അനുഭവം ആസ്വദിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇത് നമ്മുടെ സുസ്ഥിരതാ പവലിയന്‍ നല്‍കുന്ന അനുഭവത്തിന്റെ ഒരു മാതൃക മാത്രമാണ്”, പവലിയന്‍ സന്ദര്‍ശന ശേഷം മാധ്യമ സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് റീം അല്‍ ഹാശിമി പറഞ്ഞു.

അലിഫ് എന്ന് പേരിട്ടിട്ടുള്ള ഓപര്‍ച്യുനിറ്റി പവലിയന്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും അല്‍ ഹാശിമി അറിയിച്ചു. എക്സ്പോ 2020 പവലിയന്‍സ് പ്രീമിയര്‍ ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. പവലിയന്‍ പ്രീമിയര്‍ ബുക്കിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. https://expo2020dubai.com/en/pavilions-premiere എന്ന വെബ്സൈറ്റില്‍ പ്രീമിയര്‍ ബുക്ക് ചെയ്യാം. 25 ദിര്‍ഹമാണ് നിരക്ക്.

“പ്ലാനറ്റ് എര്‍ത്ത്” എന്ന് അര്‍ഥമുള്ള തിറ പവലിയന്‍, പ്രകൃതിയിലെ അത്ഭുതങ്ങളിലൂടെയുള്ള അതിശയകരമായ ഒരു യാത്രയാണ് ഉറപ്പുതരുന്നത്. ആഴക്കടലിലൂടെയും വനാന്തര്‍ഭാഗത്തു കൂടെയും യാത്രചെയ്യുന്ന അനുഭവം ഇത് സന്ദര്‍ശകന് സമ്മാനിക്കും. പ്രശസ്തരായ ഗ്രിംഷോ ആര്‍ക്കിടെക്റ്റ്സാണ് തിറ പവലിയന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. സുസ്ഥിര കെട്ടിട രൂപകല്‍പനക്കുള്ള മികച്ച ഉദാഹരണമാണ് പവലിയന്‍. ഊര്‍ജ, ജല ഉപഭോഗം നെറ്റ് സീറോ ആയിരിക്കുമെന്നത് പവലിയന്റെ പ്രത്യേകതകളിലൊന്നാണ്. 130 മീറ്റര്‍ വീതിയുള്ള പവലിയന്റെ മേല്‍ക്കൂരയില്‍ 1,055 ഫോട്ടോവോള്‍ടെക് പാനലുകള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഇതിനു പുറമെ എനര്‍ജി മരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ജല ഉപയോഗം കുറക്കുന്നതിനുള്ള സ്ട്രാറ്റജി ഉപയോഗിക്കുന്ന പവലിയനില്‍, ജലത്തിന്റെ പുനരുപയോഗം, ബദല്‍ ജലസ്രോതസുകള്‍ എന്നിവക്കുള്ള സംവിധാനവും ഉറപ്പുവരുത്തിയിട്ടുണ്ട്. വരുംതലമുറകള്‍ക്ക് സുസ്ഥിരതാ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു സയന്‍സ് സെന്റര്‍ എന്ന നിലയില്‍ പവലിയന്‍ അതിന്റെ പാരമ്പര്യം നിലനിര്‍ത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസമാണ് പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക. ആരോഗ്യ, സുരക്ഷാ നടപടികള്‍ കാരണം പരിമിതമായ പ്രവര്‍ത്തന സമയവും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നതിനാല്‍ സന്ദര്‍ശകര്‍ പരമാവധി നേരത്തെ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ആദ്യമായി വിരുന്നെത്തുന്ന ആഗോള വ്യാപാരമേള എക്സ്പോ 2020, 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള ആറ് മാസക്കാലമായിരിക്കും നടക്കുക.

Latest