രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; വര്‍ധന ഈ മാസം ഇത് മൂന്നാം തവണ

Posted on: January 14, 2021 10:33 am | Last updated: January 15, 2021 at 7:50 am

ന്യൂഡല്‍ഹി | തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചതെങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് പെട്രോള്‍ -84.91, ഡീസല്‍ -79.03 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് -86 .73, ഡീസല്‍ -80. 73 എന്നിങ്ങനെയാണ് വില. ഇന്ധന വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.