ലൈഫ് പദ്ധതി; എം എം ഹസനെ തള്ളി മുല്ലപ്പള്ളി

Posted on: January 13, 2021 11:00 am | Last updated: January 13, 2021 at 1:18 pm

തിരുവനന്തപുരം | യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്ന എം എം ഹസന്റെ പ്രസ്താവന തള്ളി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി തുടരുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പട്ടിണി പാവങ്ങളായ നിരവധി സാധാരണക്കാര്‍ക്ക് വീട് ലഭിക്കുന്ന പദ്ധതിയാണ് ലൈഫെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു യു ഡി എഫ് ഭരണത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഇതും ഒരു കാരണമായതായി വിലയിരുത്തപ്പെട്ടിരുന്നു. ലൈഫ് പോലത്തെ ജനകീയ പദ്ധതികള്‍ നിര്‍ത്തുമെന്ന് പറഞ്ഞത് തിരിച്ചടിയായെന്ന് കെ മുരളീധരന്‍ പരസ്യമായി പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മുല്ലപ്പള്ളി ഹസനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.