National
ആനയുടെ ജഡം വെട്ടിമുറിച്ച സംഭവം; ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ബാലിഗുഡ|ഒഡിഷയില്‍ ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തില്‍ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കാണ്ഡമാല്‍ ജില്ലയിലെ ബെല്‍ഗറില്‍ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു അയല്‍ജില്ലയായ കാലാഹണ്ടിയില്‍ കുഴിച്ചുമൂടിയ സംഭവത്തിലാണ് വനംവകുപ്പിന്റെ നടപടി. ബാലിഗുഡ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതി ശര്‍മ്മയാണ് ഡിഎഫ്ഒയ്ക്ക് നോട്ടീസ് അയച്ചത്.
ജനുവരി അഞ്ചിനാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെല്‍ഗര്‍ റേഞ്ചിലെ ജിരിപാണി സെക്ഷനില്‍ ആനയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടു പ്രാവശ്യം മാറ്റി സ്ഥാപിച്ച ശേഷം കുഴിച്ചുമൂടുകയും ചെയ്ത വിവരം പുറത്തുവന്നത്. ഷെഡ്യൂള്‍-1 വിഭാഗത്തില്‍പ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായാണ് വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതി ശര്‍മ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്.
ആനയുടെ അസ്വാഭാവിക മരണവും സംഭവം മറച്ചുവെക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനിന്നതും ഗൗരവകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടപ്രകാരം ആനയെ ചത്ത നിലയില്‍ കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, കളക്ടര്‍ എന്നിവര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഡിഎഫ്ഒ ഇത് പാലിച്ചില്ലെന്ന ആരോപണവുമുണ്ട്. ആനയുടെ മരണകാരണം കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഡിഎഫ്ഒ നടപടി സ്വീകരിച്ചില്ല. മാത്രമല്ല അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.



