അതിരില്ലാ സന്തോഷം; മൂന്ന് വര്‍ഷത്തിന് ശേഷം ഖത്വറില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം സഊദിയിലെത്തി

Posted on: January 12, 2021 8:50 pm | Last updated: January 13, 2021 at 8:03 am

ദമാം | ഖത്വറിനെതിരെയുള്ള ഉപരോധം നീങ്ങിയതോടെ,മൂന്ന് വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ച വ്യോമ പാത തുറന്നതോടെ ഖത്വറില്‍ നിന്നുള്ള ആദ്യ യാത്രാവിമാനമായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 1164 ബോയിംഗ് 787-8 വിമാനം സഊദിയിലെത്തി. രാവിലെ 11 മണിയോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ഉച്ചക്ക് 12 മണിയോടെയാണ് സഊദി തലസ്ഥാനമായ റിയാദിലെ റിയാദ് കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ആദ്യ ഘട്ടത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റിയാദ് , ജിദ്ദ , ദമാം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ജനുവരി 14 ന് ജിദ്ദയിലേക്കും ജനുവരി 16 ന് ദമാമിലേക്കും സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു . സഊദി അറേബ്യക്ക് പുറമെ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്വറുമായുള്ള നയതന്ത്ര, വാണിജ്യ, ഗതാഗത ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്

കഴിഞ്ഞയാഴ്ച സഊദിയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) 41-ാമത് ഗള്‍ഫ് ഉച്ചകോടിയിലാണ് ഉപരോധം അവസാനിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവെച്ചത് .ഇതോടെ അംഗ രാജ്യങ്ങള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുകയും ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു .ഉപരോധം നീങ്ങിയതോടെ ശനിയാഴ്ച മുതല്‍ കരമാര്‍ഗ്ഗമാണ് ഖത്വറില്‍ നിന്നുള്ള ആദ്യ വാഹനം സല്‍വാ അതിര്‍ത്തി കടന്ന് സഊദിയിലെത്തിയത്