സ്വിറ്റ്‌സര്‍ലാന്റ് സംഘടനയുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാര്‍ ഒപ്പുവെച്ചു

Posted on: January 11, 2021 8:51 pm | Last updated: January 11, 2021 at 9:17 pm
ജനീവ ആസ്ഥാനമായ എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തലവന്‍ ഡോ. മുഹമ്മദ് അല്‍ ബൈലിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും സഹകരണ കരാറില്‍ ഒപ്പു വെച്ചപ്പോള്‍

ദുബൈ | സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ആസ്ഥാനമായുളള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസ്ഥാനവുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാറില്‍ ഒപ്പു വെച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ സംയുക്ത സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ദുബൈയില്‍
നടന്ന ചടങ്ങില്‍ എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തലവന്‍ ഡോ. മുഹമ്മദ് അല്‍ ബൈലിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍
ബുഖാരിയുമാണ് കരാറില്‍ ഒപ്പു വെച്ചത്.

മനുഷ്യ വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മെച്ചപ്പെട്ട
വിദ്യാഭ്യാസം നല്‍കുകയെന്ന എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍
സഹകരിക്കുക, അധ്യാപകര്‍ക്കും പരിശീലകര്‍ക്കും മികച്ച ട്രൈനിംഗ് നല്‍കുക,പിന്നോക്ക മേഖലയിലുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള പരിപാടികള്‍
നടപ്പിലാക്കുക, രണ്ട് സംഘടനകളുടെയും പൊതു ലക്ഷ്യങ്ങള്‍സാക്ഷാത്കരിക്കുന്നതിന് കാലാനുസൃതമായ ഇടപെടലുകള്‍ നടത്തുക എന്നിവയാണ്
കരാറിലെ പ്രധാന കാര്യങ്ങള്‍. മഅ്ദിന്‍ അക്കാദമിയുടെ പിന്തുണയോടെ ദുബൈ നോളജ് പാര്‍ക്കില്‍ ആരംഭിച്ച ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍സഹകരിക്കുന്നതിനും ധാരണയായി.

കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകം പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു കരാര്‍ സാധ്യമായത് വലിയപ്രചോദനമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
പറഞ്ഞു. എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ വിപുലമായ പ്രവര്‍ത്തന ശൃംഖലയില്‍ ഭാഗമാകാന്‍ സാധിച്ചത് മഅദിന്‍ അക്കാദമിക്ക് അഭിമാനമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യ വിഭവ ശേഷിയുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ ദക്ഷിണേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഅ്ദിന്‍ അക്കാദമിയുമായുള്ള സഹകരണം മുതല്‍ക്കൂട്ടാവുമെന്ന് എജ്യുക്കേറ്റേഴ്‌സ്വിത്തൗട്ട് ബോര്‍ഡേഴ്‌സ് ചെയര്‍മാന്‍ അല്‍ ബൈലി വ്യക്തമാക്കി.

ചടങ്ങില്‍ എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രതിനിധികളായ ഡോ. നസ്ര്‍ മുഹമ്മദ് ആരിഫ്, ഉമര്‍ സാലിം അല്‍ ബ്രെയ്കി, മഅ്ദിന്‍ അക്കാദമി ദുബൈ സെന്റര്‍
ഡയറക്ടര്‍മാരായ സയ്യിദ് ഇസ്മാഈല്‍, സഈദ് ഊരകം, മുഹമ്മദ് ജുനൈസ്, സി.ഇ.ഒ യാസിര്‍ നാലകത്ത്, ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, അബ്ദുല്‍ മജീദ് മദനി, ബശീര്‍ സഖാഫി സംബന്ധിച്ചു.