ആ വിധികൾ വെളിച്ചമാകുമോ ?

സവർണ ജാതിരാഷ്ട്ര സംസ്ഥാപനത്തിലേക്കുള്ള പാതയിൽ നടപ്പുവർഷം പല രീതിയിൽ നിർണായകമാകുന്നത് പരമോന്നത നീതിപീഠം ഈ വർഷം പുറപ്പെടുവിക്കാനിരിക്കുന്ന ചില പ്രധാന നിയമ വ്യവഹാരങ്ങളിലെ വിധി തീർപ്പുകളാലാണ്.
Posted on: January 10, 2021 5:00 am | Last updated: January 10, 2021 at 6:11 pm

ശൈത്യകാല ഇടവേളക്ക് ശേഷം ഈ മാസം നാലിന് സുപ്രീം കോടതി തുറന്നു. തൊട്ടടുത്ത ദിവസം 2021ലെ ആദ്യ പ്രധാന വിധി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. സെൻട്രൽ വിസ്താ പദ്ധതിയിൽ പുതിയ പാർലിമെന്റ് മന്ദിരം നിർമിക്കാൻ കേന്ദ്ര സർക്കാറിന് അനുമതി നൽകുന്ന, ഒന്നിനെതിരെ രണ്ടിന്റെ ഭൂരിപക്ഷ വിധി ശ്രദ്ധേയമാകുന്നത് ഹരജിക്കാർ മുന്നോട്ടുവെച്ച സവിശേഷ പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ കോടതി തള്ളിയതിനാലാണ്. ഇന്ത്യയുടെ ദേശീയ പൈതൃകത്തെ അടയാളപ്പെടുത്തുന്നതായിരിക്കും പുതിയ പാർലിമെന്റ് മന്ദിരം എന്നാണ് സർക്കാർ ഭാഷ്യം. എങ്കിൽ ദേശീയ പാരമ്പര്യത്തിന്റെ യഥാർഥ തത്പരകക്ഷികളായ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നതായിരുന്നു പല ഹരജികളുടെയും മുഖ്യ പ്രമേയം. തങ്ങൾ സ്വപ്നം കാണുന്ന രാഷ്ട്ര സങ്കൽപ്പത്തിന്റെ ബിംബമെന്ന് വിലയിരുത്തപ്പെടുന്ന സെൻട്രൽ വിസ്താ പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ ഭരണകൂടവും ആർ എസ് എസും ഒരു ചുവട് കൂടി മുന്നോട്ടു പോയിരിക്കുന്നു. സവർണ ജാതിരാഷ്ട്ര സംസ്ഥാപനത്തിലേക്കുള്ള പാതയിൽ നടപ്പുവർഷം പല രീതിയിൽ നിർണായകമാകുന്നത് പരമോന്നത നീതിപീഠം ഈ വർഷം പുറപ്പെടുവിക്കാനിരിക്കുന്ന ചില പ്രധാന നിയമ വ്യവഹാരങ്ങളിലെ വിധി തീർപ്പുകളാലാണ്.

മതാധിഷ്ഠിത രാഷ്ട്ര നിർമിതിയെ സ്വാധീനിക്കുന്നതും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ വ്യവഹാരങ്ങളെയും രാഷ്ട്രീയ, സാമ്പത്തിക അപ്രമാദിത്വത്തെയും നിയമാനുസൃതം പരിശോധിക്കുന്നതുമായ നാല് സുപ്രധാന നിയമപ്രശ്‌നങ്ങളിലെ വിചാരണയും വിധിയും വരും നാളുകളിൽ ഉണ്ടാകുമെന്ന് തന്നെയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കുക വഴി ജമ്മു കശ്മീരിന്റെ സവിശേഷ പദവിയുടെ നിഷേധം, പൗരത്വ നിയമ ഭേദഗതി, മണി ബില്ല്, ഇലക്ടറൽ ബോണ്ട് എന്നിവയാണ് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭാവിയെ ചെറുതല്ലാത്ത വിധം സ്വാധീനിക്കുന്നതും ജുഡീഷ്യറിയെ ശ്രദ്ധാകേന്ദ്രമാക്കി നിർത്തുമെന്ന് വിചാരിക്കുന്നതുമായ വ്യവഹാരങ്ങൾ. വിധിയുടെ ഇരു വശങ്ങളും രാജ്യത്തെ സാമൂഹിക ജീവിതത്തിൽ വലിയ മുദ്രകളായിരിക്കും പതിപ്പിക്കുക.

2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിൽ പിന്നെ അസാധാരണ സാഹചര്യമാണ് കശ്മീരിൽ ഉരുണ്ടുകൂടിയത്. പൗരാവകാശങ്ങൾ തടവറകളിലായി. യുദ്ധസമാന സജ്ജീകരണങ്ങളിൽ ഭരണകൂട മെഷിനറികൾ ഒരു ജനതയെ ഒന്നാകെ പേടിപ്പിച്ചു നിർത്തി. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് നിരവധി ഹേബിയസ് കോർപസ് ഹരജികളാണ് താഴ്‌വരയിൽ നിന്ന് സുപ്രീം കോടതിയിലേക്കെത്തിയത്. എന്നാൽ യഥോചിതം ഇടപെടുന്നതിൽ ഉന്നത നീതിപീഠത്തിന് വീഴ്ച സംഭവിച്ചു എന്ന് ഐക്യരാഷ്ട്രസഭ വരെ കുറ്റപ്പെടുത്തിയ സ്ഥിതിവിശേഷമുണ്ടായി.
ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്യുന്ന 23 ഹരജികളാണ് സുപ്രീം കോടതിയുടെ മുമ്പിലുള്ളത്. അവസാനമായി കോടതി കേസ് പരിഗണിച്ചത് കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണ്. ഹരജികൾ വിശാല ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യത്തെയായിരുന്നു അന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് അഭിമുഖീകരിച്ചത്. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെടുകയാണുണ്ടായത്. ഫെഡറൽ തത്വങ്ങളും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും അതിലെ ഗവർണറുടെ പങ്കുമൊക്കെ ഇഴകീറി പരിശോധിക്കുമ്പോൾ ഭരണഘടനാപരത (Constitutionalism) ക്ക് കൂടുതൽ തെളിച്ചം ലഭിക്കുന്ന വിധിയുണ്ടാകുമെന്നാണ് ജനാധിപത്യവാദികൾ വിശ്വസിക്കുന്നത്.

ALSO READ  വരുന്നു, ദേശീയ പശുശാസ്ത്ര പരീക്ഷ

വിധിയെന്തായാലും രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാകുമത്.
വിവാദ പൗരത്വ നിയമ ഭേദഗതിയും രാജ്യം ഉറ്റുനോക്കുന്ന നീതിന്യായ തീർപ്പുകളിലൊന്നാണ്. നൂറ്റമ്പതോളം ഹരജികൾ പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഹരജികൾ അവസാനമായി പരിഗണനക്കെടുത്ത കഴിഞ്ഞ ഫെബ്രുവരി 18ന് കേന്ദ്ര സർക്കാറിന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു കോടതി. ചില പ്രത്യേക രാജ്യങ്ങളിൽ നിലനിൽക്കുന്ന മതപീഡനത്തിന് പരിഹാരം കാണാനുള്ള മാർഗമാണ് സി എ എയെന്നും അത് ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ലെന്നുമുള്ള ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മാർച്ച് 17ന് കേന്ദ്ര സർക്കാർ നൽകിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതനിരപേക്ഷ ജനാധിപത്യത്തിനേറ്റ കടുത്ത പ്രഹരമായാണ് പൗരത്വ നിയമ ഭേദഗതി കണക്കാക്കപ്പെടുന്നത്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന, പുറന്തള്ളൽ രാഷ്ട്രീയത്തിന്റെ ഭരണഘടനാവിരുദ്ധ നിയമ ഭേദഗതിയെ പ്രതി കോടതി മുറിയിൽ ഉയരാനിരിക്കുന്നത് ശക്തമായ വാദങ്ങളാണ്.
ഒരു സാധാരണ ബില്ല് പാർലിമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കണം. രണ്ട് സഭകളിലും പാസ്സാകുകയും വേണം അത് നിയമമായി മാറാൻ. എന്നാൽ മണി ബില്ല് അവതരിപ്പിക്കേണ്ടത് ലോക്‌സഭയിലാണ്. അവിടെ പാസ്സായതിന് ശേഷം രാജ്യസഭയുടെ പരിഗണനക്കയക്കണം. ബില്ലിന് മേൽ രാജ്യസഭയിൽ നടക്കുന്ന ചർച്ചകളിലെ നിർദേശങ്ങൾ ലോക്‌സഭക്ക് കൊള്ളുകയോ തള്ളുകയോ ആകാം. രണ്ടായാലും ബില്ല് പാസ്സായി കിട്ടും. ഫലത്തിൽ മണി ബില്ല് പാസ്സാകാൻ രാജ്യസഭയുടെ സമ്മതം വേണ്ട. രാജ്യസഭയിൽ മോദി സർക്കാറിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മണി ബില്ലുകളായി ഒളിച്ചു കടത്തി നിയമമായി ചുട്ടെടുത്ത പലതും ഇന്ന് സുപ്രീം കോടതിയിൽ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ട സ്ഥിതിയിലാണ്. ചില ധനകാര്യ വകുപ്പുകൾ കൂട്ടിച്ചേർത്ത് സാധാരണ ബില്ലിനെ മണി ബില്ലാക്കി അവതരിപ്പിച്ചാണ് ഭരണഘടനാ മാൻഡേറ്റിനെ കേന്ദ്ര സർക്കാർ മറികടന്നത്. ഭരണഘടനയുടെ 110ാം അനുഛേദത്തിൽ മണി ബില്ലിന്റെ ഉള്ളടക്കം കൃത്യമായി വിശദീകരിച്ചിരിക്കെ ഇതര വിഷയാധിഷ്ഠിത വകുപ്പുകൾ ഉൾപ്പെടുന്നതോടെ അത് മണി ബില്ലല്ലാതെയായി മാറും. അങ്ങനെ സാധാരണ ബില്ലാകുമ്പോൾ പാർലിമെന്റിന്റെ ഇരു സഭകളിലും പാസ്സാകുക വേണമല്ലോ.

ശ്രദ്ധേയമായ ആധാർ ആക്ട് മണി ബില്ലായാണ് പാസ്സാക്കിയിരുന്നത്. അതുപോലെ മണി ബില്ലായി പാസ്സാക്കിയ 2017ലെ ഫിനാൻസ് ആക്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിൽ 2019 നവംബർ 13ന് സുപ്രീം കോടതി അഞ്ചംഗ ബഞ്ച്, നേരത്തേ ആധാർ കേസിൽ മണി ബില്ല് അംഗീകരിച്ച വിധി തന്നെ പുനഃപരിശോധിക്കണമെന്ന് ഉത്തരവിടുകയുണ്ടായി. തുടർന്ന് കേസ് ഏഴംഗ ബഞ്ചിന്റെ പരിഗണനക്ക് വിടുകയും ചെയ്തു. ആധാർ ആക്ടിന്റെയും നിയമപ്രാബല്യത്തെ പ്രശ്‌നവത്കരിക്കുന്ന പ്രസക്ത വ്യവഹാരം ഇനിയെന്ന് കേൾക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും വിചാരണക്കെടുക്കുമെന്നുറപ്പാണ്. കേന്ദ്ര സർക്കാറിന്റെ വഴിവിട്ട, ഭരണഘടനാവിരുദ്ധ നീക്കങ്ങളെ പരമോന്നത ന്യായാസനം ഏതുവിധമാണ് സമീപിക്കുക എന്നതും ആലോചനയർഹിക്കുന്നതാണ്. ഭരണഘടനയെ അസ്ഥിരമാക്കുന്ന തരത്തിൽ അട്ടിമറികൾ നടത്തി നിയമ നിർമാണങ്ങൾക്ക് കുറുക്കുവഴി തേടുന്ന പരിപാടി ഭരണഘടനാ വകുപ്പുകൾ തന്നെ വിലക്കുമ്പോൾ വിശേഷിച്ചും.

ALSO READ  ബംഗാള്‍ രാഷ്ട്രീയത്തിലെ പിന്നാമ്പുറക്കളികള്‍

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനകളിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുമെന്നവകാശപ്പെട്ടുകൊണ്ടാണ് ഇലക്ടറൽ ബോണ്ട് സ്‌കീമിന് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. കോർപറേറ്റ് ഫണ്ടിംഗിന്റെ നിയമ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള വിവിധ നിയമങ്ങളിൽ അഞ്ച് ഭേദഗതികളാണ് വരുത്തിയത്. എന്നാൽ രാഷ്ട്രീയ സംഭാവനകളിലെ സുതാര്യത ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ തന്നെ വിയോജിപ്പറിയിച്ച ഈ സ്‌കീം പ്രധാന ഭരണകക്ഷിക്ക് കോർപറേറ്റ് മുതലാളികളിൽ നിന്ന് കണക്കില്ലാത്ത കോടികൾ പാർട്ടി ഫണ്ടിലേക്ക് സമാഹരിക്കാനുള്ള ഉപായം മാത്രമായിരുന്നു. 2017ൽ കോടതി കയറിയ ഇലക്ടറൽ ബോണ്ട് സുപ്രീം കോടതിയുടെ പരിഗണനയിൽ ഒടുവിൽ വന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. അപ്പോൾ സ്‌കീം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ഇലക്ടറൽ ബോണ്ടും സുപ്രീം കോടതി വിചാരണക്കെടുക്കുകയും അനന്തരം വിധി പ്രഖ്യാപിക്കുകയും ചെയ്യും. ബി ജെ പിയുടെ ജനാധിപത്യ ഗളച്ഛേദത്തിന് നീതിപീഠം പൂട്ടിടുമോ എന്നറിവാകുന്ന വിധിയും പൊതു സമൂഹം കാത്തിരിക്കുന്നതാണ്.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സവിശേഷ പ്രാധാന്യമുള്ള കേസുകളിൽ അക്കാലത്തെ മുഖ്യ ന്യായാധിപൻ വിരമിക്കുന്നതിന് മുമ്പ് അന്തിമ വിധി പ്രഖ്യാപിക്കണമെന്ന കണിശതയില്ല. എന്നാൽ പോലും ചീഫ് ജസ്റ്റിസ് അങ്ങനെ ആഗ്രഹിക്കുക സ്വാഭാവികം. പക്ഷേ ആ ശ്രമം നീതിവിചാരം തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഭരണകൂട ദാസ്യമായിത്തീരുന്നത് അപലപനീയമാണ്. 2021 ഏപ്രിൽ 23ന് കാലാവധി കഴിയുന്നതോടെ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ മുൻഗാമിയുടെ വഴി സ്വീകരിക്കാനിടയില്ല. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നതിന് മുമ്പ് ചില കേസുകളിൽ തിടുക്കപ്പെട്ട് നടത്തിയ വിചാരണകളും വിധിതീർപ്പുകളും കടുത്ത വിമർശനത്തിന് വിധേയമായത് അതിലെ പക്ഷപാതിത്വവും നീതിരാഹിത്യവും കാരണമാണ്. വിരമിച്ച ശേഷം ബി ജെ പിയുടെ ഔദാര്യത്തിൽ അദ്ദേഹം രാജ്യസഭാംഗവുമായി. പല നിലയിലും ഭരണകൂട താത്പര്യത്തിനൊപ്പം സഞ്ചരിക്കുന്നു എന്ന് ഇതിനകം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രലോഭനങ്ങളെയും സമ്മർദങ്ങളെയും അതിജീവിച്ച് ഭരണഘടന മുൻനിർത്തി മുഖ്യ ന്യായാധിപന്റെ കർത്തവ്യം നിർവഹിക്കുമോ? ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന്റെ സുവർണ ദശയായിരിക്കും കടന്നുവരാനിരിക്കുന്നത് എന്ന് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷിക്കാമോ?