സൽമാൻ രാജാവ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

Posted on: January 9, 2021 8:36 pm | Last updated: January 9, 2021 at 8:36 pm

നിയോം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. സഊദി  അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ വെച്ചായിരുന്നു ആദ്യ ഡോസ് രാജാവ് സ്വീകരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാജാവ് നൽകിവരുന്ന പിന്തുണക്ക് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പ്രത്യേകം നന്ദി അറിയിച്ചു. വാക്സിന്‍ ഫലപ്രദമാണെന്നും വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും ഇതുവരെ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷന്റെ രണ്ടാം ഘട്ടം  ആരംഭിച്ചതോടെ, കുത്തിവെപ്പെടുത്ത സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ “തവക്കൽനാ” ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ട് നൽകി തുടങ്ങി. വാക്‌സിന്‍ സ്വീകരിച്ചവരെ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ്  പുതിയ സേവനം. ഡിജിറ്റൽ ഹെൽത്ത് പാസ്‌പോര്‍ട്ട് നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. ഇതുവരെ ഒരുലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.