വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി വിട്ടു

Posted on: January 9, 2021 5:31 pm | Last updated: January 10, 2021 at 8:10 am

തിരുവനന്തപുരം | ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദന്‍ പടിയിറങ്ങുന്നു. ആരോഗ്യകാരണങ്ങളാലാണ് വിഎസ് സ്ഥാനമൊഴിയുന്നത്. ഇതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി അദ്ദേഹം ഒഴിഞ്ഞു. ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്കാണ് വിഎസ് താമസം മാറ്റിയത്.

ഭരണപരിഷ്‌കാര കമ്മീഷന്‍ തയ്യാറാക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി സമര്‍പ്പിച്ച ശേഷം അദ്ദേഹം രാജിവെക്കുമെന്നാണ് സൂചന. അതേസമയം, താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാര്‍ട്ടണ്‍ ഹില്ലലെ വിലാസമായിരിക്കും പോസ്റ്റല്‍ അഡ്രസെന്നും കുറിപ്പില്‍ പറയുന്നു.

കുറച്ചു കാലമായി വിഎസ് പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും എത്തിയിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് തന്റെ വാര്‍ഡായ പുന്നപ്രയിലേക്ക് യാത്ര ചെയ്യുന്നതിലുള്ള പ്രയാസം കണക്കിലെടുത്തായിരുന്നു ഇത്.

2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്.