ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി

Posted on: January 8, 2021 8:35 pm | Last updated: January 9, 2021 at 7:08 am

ലക്‌നോ | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി ബി ഐ വിചാരണാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് രണ്ട് അയോധ്യാവാസികള്‍. ഹാജി മെഹ്ബൂബ്, ഹാജി സയ്യദ് അഖ്‌ലാഖ് അഹ്മദ് എന്നിവരാണ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചില്‍ ഹരജി നല്‍കിയത്. ആള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡിന് വേണ്ടിയാണ് ഹരജി.

ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി അടക്കം 32 പ്രതികളെയാണ് സി ബി ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരുടെ നീക്കം.

ബാബരി മസ്ജിദ് തകര്‍ത്ത് 28 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പ്രത്യേക കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. അഡ്വാനിയും ജോഷിയും ഉമാ ഭാരതിയും അടക്കമുള്ള നേതാക്കളാണ് കര്‍ സേവകരെ മസ്ജിദ് പൊളിക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു കുറ്റം.