Connect with us

Kerala

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണം; കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം | സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുടര്‍ന്നാണ് നിയമസഭാ സെക്രട്ടറി കത്ത് നല്‍കിയത്.

ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രണ്ട് തവണയാണ് അയ്യപ്പന് കസ്റ്റംസ് കത്ത് നല്‍കിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ തിരക്കിലാണെന്നും മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്നും അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു കസ്റ്റംസിന്റെ നിര്‍ദേശം. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്. ഇന്നലെയും ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് ലഭിക്കാതെ ഹാജരാകില്ലെന്ന നിലപാടാണ് അയ്യപ്പന്‍ സ്വീകരിച്ചത്.