ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്; രാജന്‍ കൈയേറിയെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ട്

Posted on: January 6, 2021 6:37 pm | Last updated: January 6, 2021 at 6:37 pm

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ തര്‍ക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. രാജന്‍ ഈ ഭൂമി കൈയേറിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയൊഴിപ്പിക്കലിനിടെ രാജന്‍ -അമ്പിളി ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ ഭൂമിയെ കുറിച്ചുള്ള തഹസില്‍ദാറുടെ നിര്‍ണ്ണായക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നും പണം നല്‍കിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്റ് ഭൂമി രാജന്‍ കൈയേറി ഷെഡ് കെട്ടി താമസമാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 40 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.

ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാാങ്ങിയത് നിയമാനുസൃതമാണോഎന്ന് പരിശോധിക്കണമെന്ന് തഹസില്‍ദാര്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇതേ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഘോസ ലാന്റ് റവന്യൂ കമ്മീഷണറോടാവശ്യപ്പെട്ടത്.