തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം: സിപിഎം ഏരിയ സെക്രട്ടറിയെ മാറ്റി

Posted on: January 6, 2021 3:33 pm | Last updated: January 6, 2021 at 7:08 pm

പത്തനംതിട്ട  |തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ പന്തളത്ത് സിപിഎം ഏരിയ സെക്രട്ടറി ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹര്‍ഷാകുമാറിനാണ് പുതിയ ചുമതല. തോല്‍വിക്ക് കാരണം സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭ സിപിഎം പിടിച്ചെടുത്തിരുന്നു. എന്നാല്‍ പന്തളം നഗരസഭ നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായാണ് എല്‍ഡിഎഫ് കാണുന്നത്. നഗരസഭയില്‍ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്. സംഘടന പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് തോല്‍വിക്ക് പിന്നിലെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് ഇപ്പോള്‍ ഏരിയ സെക്രട്ടറി ആയിരുന്ന ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റിയത്.
പന്തളത്തുണ്ടായ വോട്ട് ചോര്‍ച്ച സിപിഎമ്മില്‍ വലിയ ചര്‍ച്ചയായിരുന്നു.