മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി; കായിക മന്ത്രി രാജിവെച്ചു

Posted on: January 5, 2021 9:59 pm | Last updated: January 5, 2021 at 9:59 pm

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്ക് കടുത്ത തിരിച്ചടി നല്‍കി വീണ്ടും രാജിപ്രഖ്യാപനം. സംസ്ഥാന കായിക മന്ത്രിയും തൃണമൂല്‍ എംഎല്‍എയുമായ ലക്ഷ്മി രത്തനാണ് രാജിവെച്ചത്. മമതയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന സുവേന്തു അധികാരിയും കൂട്ടാളികളും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറും മുമ്പാണ് മന്ത്രിസഭയില്‍ നിന്നും ഒരാള്‍ കൂടി രാജിവെക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ തൃണമൂല്‍ കോണ്‍ഗ്രസിലെ കൂട്ടരാജി പാര്‍ട്ടിക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹൗറ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രത്തന്‍ രാജിവെച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലെ കാരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല. ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കമാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കായിക മേഖലയിലേക്ക് നീങ്ങാനാണ് ഉദ്ദേശമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

സുവേന്തു അധികാരിയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തൃണമൂലില്‍ നിന്നും മാറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരുന്നു.