Connect with us

National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം; ഏഴാംവട്ട ചര്‍ച്ചയും പരാജയം

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ചെയ്യുന്ന കര്‍ഷകരുമായി നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയത്തില്‍ കലാശിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകരും നിലപാടെടുത്തു. ഈമാസം എട്ടിന് വീണ്ടും ചര്‍ച്ച നടക്കും. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്ന ഉറപ്പു മാത്രമാണ് കേന്ദ്രം നല്‍കിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചക്കിടെ വ്യക്തമാക്കുകയായിരുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ നാല് ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ഇതില്‍ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാട് കേന്ദ്രം സ്വീകരിക്കുകയായിരുന്നു. മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ സമരം നടത്തിവരുന്നത്. സമരം 40ാം ദിവസത്തിലെത്തിയിരിക്കുകയാണ്.

Latest