രാജ്യത്തെ പത്ത് കോടി ആളുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഡാർക് വെബിൽ വിൽപനക്ക്

Posted on: January 4, 2021 3:48 pm | Last updated: January 4, 2021 at 10:09 pm

ബംഗളൂരു | രാജ്യത്തെ പത്ത് കോടി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ചതായി റിപ്പോര്‍ട്ടുകള്‍. സൈബര്‍ സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജാരിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ഗേറ്റ്‌വേയായ ജാസ്‌പേയുടെ സെര്‍വറില്‍ നിന്നാണ് ഇവയില്‍ ഭൂരിഭാഗം വിവരങ്ങളും ചോര്‍ന്നതെന്നും രാജശേഖര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 7 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഡാറ്റ ചോര്‍ന്നതായി രാജശേഖര്‍ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ പേര്, മൊബൈല്‍ നമ്പര്‍, വരുമാന നിലവാരം, ഇ-മെയില്‍ ഐഡി, പാന്‍ നമ്പര്‍ എന്നിവയും കാര്‍ഡിന്റെ ആദ്യ, അവസാന നാല് അക്കങ്ങളുടെ വിശദാംശങ്ങളും ഡാര്‍ക്‌വെബില്‍ ലഭ്യമാണെന്നാണ് രാജശേഖര്‍ അവകാശപ്പെടുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

വിവരങ്ങള്‍ ചോര്‍ന്നതായി ജാസ്‌പേയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പത്ത് കോടി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുപോയിട്ടില്ലെന്നുമാണ് കമ്പനി പറയുന്നത്. 2020 ഓഗസ്റ്റ് 18 ന് ഹാക്കര്‍മാര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ കാര്‍ഡ് നമ്പറോ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളോ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താനായിട്ടില്ല. രഹസ്യാത്മകമല്ലാത്ത ചില ഡാറ്റകളും പ്ലെയിന്‍ ടെക്സ്റ്റ് ഇമെയിലുകള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവയുമാണ് ചോര്‍ന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ബിറ്റ്‌കോയിനുകള്‍ വഴിയാണ് ഡാര്‍ക് വെബില്‍ ഇത്തരം ഡാറ്റകള്‍ വില്‍പന നടത്തുന്നത്. ഡാറ്റകള്‍ കൈമാറുന്നതിന് ഹാക്കര്‍മാര്‍ ടെലിഗ്രാം വഴിയാണ് സമ്പര്‍ക്കം പുലര്‍ത്തുന്നത്.

ഗൂഗിള്‍, ബിംഗ് എന്നിവ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ക്ക് കീഴില്‍ വരാത്ത നിരവധി വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്. ഇവയെ ഡാര്‍ക്ക് നെറ്റ് അല്ലെങ്കില്‍ ഡീപ് നെറ്റ് എന്ന് വിളിക്കുന്നു. പ്രത്യേകം ചില ലോഗ്ഇന്‍ വഴിയും കോണ്‍ഫിഗറേഷനുകള്‍ വഴിയും മാത്രമേ അത്തരം വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുകയുള്ളൂ.

ALSO READ  മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍