Connect with us

National

നാല് സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് എന്‍ സി പി ഭീഷണി

Published

|

Last Updated

ന്യൂഡല്‍ഹി | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകളും വിട്ടുനല്‍കിയില്ലെങ്കില്‍ എല്‍ ഡി എഫ് വിടുമെന്ന് എന്‍ സി പി കേന്ദ്രനേതൃത്വത്തിന്റെ ഭീഷണി. നഷ്ടം സഹിച്ച് എല്‍ ഡി എഫില്‍ തുടരേണ്ട സാഹചര്യമില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുല്‍ പട്ടേല്‍ സംസ്ഥാന ഘടകത്തെ ഉടന്‍ അറിയിക്കും. യു ഡി എഫിലേക്ക് പോകാനാണ് എന്‍ സി പി നീക്കം. സംസ്ഥാന നേതാക്കള്‍ക്കെതിരെ പരാതി അറിയിക്കാന്‍ ഡല്‍ഹിയില്‍ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രനോടും പാര്‍ട്ടി നാളെ നിലപാട് വ്യക്തമാക്കും.

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും സി പി എം നിലപാട് സമാനമാണെന്നാണ് എന്‍ സി പിയുടെ അഭിപ്രായം. അതിനാല്‍ ഇനി വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ എന്‍ സി പിയുടെ സംസ്ഥാന ഘടകത്തെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം താരിഖ് അന്‍വറും പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ എറണാകുളം ജില്ലയില്‍ സി പി എമ്മിനോട് സഹകരിക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കി എന്‍ സി പി ജില്ലാ ഘടകം രംഗത്തെത്തി. എന്‍ സി പിയോട് സി പി എമ്മും എല്‍ ഡി എഫും തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണിച്ചത് തികഞ്ഞ അവഗണനയാണ്. ജില്ലയില്‍ എന്‍ സി പിയെ തകര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് ടി പി അബ്ദുല്‍ അസീസ് വ്യക്തമാക്കി.
മുന്നണി മര്യാദകള്‍ സി പി എം പാലിക്കുന്നില്ല. തരാമെന്ന് പറഞ്ഞ സീറ്റുകള്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എം തന്നില്ലെന്നും ടി പി അബ്ദുല്‍ അസീസ് വ്യക്തമാക്കി.