കാര്‍ഷിക മേഖലയില്‍ ഉത്പാദനത്തിനും വിഭവ സംഭരണത്തിനും മുന്‍ഗണന

Posted on: January 2, 2021 6:17 pm | Last updated: January 2, 2021 at 6:17 pm

പത്തനംതിട്ട | കാര്‍ഷിക മേഖലയില്‍ ഉത്പാദനത്തിനും വിഭവ സംഭരണത്തിനും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍. പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തനതുവര്‍ഷത്തില്‍ 16.03 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കു പദ്ധതി വിഹിതമായി നീക്കിവച്ചിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യോത്പാദന വര്‍ധനയ്ക്കു പ്രാധാന്യം നല്‍കും. നെല്ല്, പച്ചക്കറി, പഴ വര്‍ഗങ്ങളുടെ ഉത്പാദന വര്‍ധനയ്ക്കു നടപടികള്‍ സ്വീകരിക്കും. തരിശുനില കൃഷി പ്രോത്സാഹിപ്പിക്കും. ജില്ലയില്‍ 193 ഹെക്ടറില്‍ പച്ചക്കറിയും 489 ഹെക്ടറില്‍ വാഴയും കൃഷി ചെയ്യുന്നുണ്ട്. ഇത് വിപുലമാക്കാന്‍ ജില്ലാ പഞ്ചായത്ത് കര്‍മപദ്ധതി തയാറാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിഭവങ്ങള്‍ ജില്ലയില്‍ തന്നെ വിറ്റഴിക്കാന്‍ വിപണി തുറക്കും. പൈനാപ്പിള്‍ ചലഞ്ച് നടപ്പാക്കിയതുപോലെ ഓരോ വിളകളുടെയും ഉത്പാദനം നടക്കുമ്പോള്‍ വിലയിടിവ് ഉണ്ടാകാതിരിക്കാനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും വിപണിയില്‍ ഇടപെടല്‍ നടത്താനും സംഭരിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യും. നിലവില്‍ 3,000 ഹെക്ടറിലാണ് നെല്‍കൃഷി. 453 ഹെക്ടറില്‍ കൂടി വ്യാപിപ്പിക്കും. കൊടുമണ്‍ റൈസ്, ഇരവിപേരൂര്‍ റൈസ് മാതൃക ജില്ലയില്‍ വിപുലമാക്കും. കൊടുമണ്ണില്‍ നെല്ല് കുത്ത് ഫാക്ടറിക്ക് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി  59 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

തിരഞ്ഞെടുത്ത മറ്റ് സ്ഥലങ്ങളിലും നെല്ല് കുത്ത് ഫാക്ടറി സ്ഥാപിക്കും. കൃഷി ചെയ്യുന്ന നെല്ല് അരിയാക്കിയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായ അരി വിപണി തുടങ്ങാനും ഇത് സഹായിക്കും. നിലവില്‍ ആവശ്യത്തിന്റെ നാലിലൊന്ന് ഭാഗം നെല്ലാണ് ജില്ലയില്‍ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കൂടുതല്‍ വര്‍ധിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ അരി ഉത്പാദിപ്പിക്കാനാകുകയും ചെയ്താല്‍ ഗുണമേന്‍മയുള്ള നാടന്‍ അരിക്ക് ഗുണഭോക്താക്കളേറുമെന്നും ശങ്കരന്‍ ചൂണ്ടിക്കാട്ടി. അപ്പര്‍ കുട്ടനാട്ടിലെ കൃഷിക്ക് പ്രോത്സാഹനം നല്‍കും. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടമായി അപ്പര്‍കുട്ടനാടിന് പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ യോഗം വിളിക്കും

കൊവിഡ് കാല പഠനത്തെ സംബന്ധിച്ച് അവലോകനത്തിനും എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍, ഫലം മെച്ചപ്പെടുത്തല്‍ ഇവയെ സംബന്ധിച്ചും അവലോകനം നടത്താനായി വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗം ഉടന്‍ വിളിക്കുമെന്ന് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കൊവിഡ് കാലത്തും സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ നടന്നിരുന്നു. സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പഠനനിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെ ദൗത്യമാണ്.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം: വൈസ് പ്രസിഡന്റ്

തൊഴിലില്ലാത്ത യുവാക്കള്‍ക്കും ആശ്രയമില്ലാത്ത വനിതകള്‍ക്കും ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പ്രാമുഖ്യം ഉണ്ടാകുമെന്ന് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. യുവാക്കള്‍ക്കു തൊഴില്‍ അവസരങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ശ്രമമുണ്ടാകും. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാന്‍ അവസരമില്ലാത്ത ചെറുപ്പക്കാര്‍ സമൂഹത്തിലുണ്ട്. ടൂറിസം മേഖലയില്‍ അടക്കം പത്തനംതിട്ട ജില്ലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കുടുംബങ്ങളുടെ ചുമതല സ്വന്തം ചുമലിലായ അമ്മമാരുണ്ട്. ഇത്തരക്കാരുടെ പ്രശ്‌നങ്ങളെ മറന്നുകൊണ്ട് മുന്നോട്ടു പോകാനാകില്ല. കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയുടെ വികസനമാണ് ഭരണസമിതിയുടെ ലക്ഷ്യം.

ALSO READ  പത്തനംതിട്ടയിൽ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,000 കടന്നു