Kerala
ഭൂരിപക്ഷമുള്ള സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രമേയ അവതരണ ചര്‍ച്ചക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മിപ്പിച്ചത്. ഗവര്‍ണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളത്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ചില്ലെന്ന കെ സി ജോസഫിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഗവര്‍ണറെ രാജ്ഭവനില്‍ പോയി കാണുന്നതിന് ഒരു അസാംഗത്യവുമില്ല. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നത് ഭരണഘടനാപരമായ കടമയാണ്. അതിനെ കാലുപിടിത്തമായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു