Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മരണപ്പെട്ട അമ്പിളിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിനാണ് കേസ്. പോലീസ് നടപടി തടസ്സപ്പെടുത്തിയെന്നും കൊവിഡ് നിയന്ത്രണം ലംഘിച്ചെന്നുമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ആത്മഹത്യ ചെയ്ത രാജനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സില്‍ മൃതദേഹം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചപ്പോള്‍ വീടിന് സമീപത്തെ റോഡില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നല്‍കിയ വസന്തക്കും ദമ്പതികളുടെ മരണത്തിനിടയാക്കിയ പോലീസുകാരനും എതിരെ നടപടി വേണമെന്നും കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ഇതേ സ്ഥലത്ത് വീടും നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പോലീസ് അധികൃതരും തഹസില്‍ദാരും മറ്റും സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കലക്ടര്‍ നേരിട്ടെത്തി ആവശ്യങ്ങളില്‍ ഉറപ്പുനല്‍കണമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുക്കുകയായിരുന്നു. ഒടുവില്‍ കലക്ടര്‍ എത്തി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Latest