Covid19
മാസ്‌കുകളിലൂടെ വരുന്ന വായു കണ്ടെത്താന്‍ പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക് | സംസാരിക്കുമ്പോള്‍ മാസ്‌കിലൂടെ വരുന്ന വായു കാണുന്നതിന് പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. സംസാരിക്കുമ്പോഴും മറ്റും കൊവിഡ് പോലുള്ള രോഗങ്ങള്‍ എങ്ങനെയാണ് പകരുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല, ഇതിലൂടെ മാസ്‌കുകളുടെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്യാം.
അപ്ലൈഡ് ഒപ്ടിക്‌സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. മാസ്‌കിലൂടെ വരുന്ന വായുവിന്റെയും അന്തരീക്ഷത്തിലെ വായുവിന്റെയും ഊഷ്മാവ് വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് വിശകലനം. ചുറ്റുമുള്ള അന്തരീക്ഷ വായുവിലേക്ക് മാസ്‌കിലൂടെയുള്ള വായു ചേരുന്നത് എത്ര വേഗതയിലാണെന്ന് കണക്കാക്കിയാണിത്.
സംസാരിക്കുമ്പോഴും മറ്റും വായയില്‍ നിന്ന് വായു ഒഴുകുന്നത് എങ്ങനെയാണെന്നതും പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സ്പീച്ച് തെറാപ്പി, സംഗീത പഠനം തുടങ്ങിയവക്കും ഉപകാരപ്രദമാണിത്. അമേരിക്കയിലെ റോളിന്‍ കോളജിലെ തോമസ് മൂര്‍ ആണ് പഠനത്തിന്റെ രചയിതാവ്.