Connect with us

Articles

തീകൊളുത്തിയത് നമ്മളെല്ലാവരുമാണ്‌

Published

|

Last Updated

അഭയ കേസില്‍ വിചാരണാ കോടതി വിധി പറയുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും സഭക്ക് ഇഷ്ടമില്ലാത്ത വിധത്തില്‍ അന്വേഷണം പോകാതിരിക്കാന്‍ പാകത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ഭരണകൂടത്തെ സ്വാധീനിക്കാനും സഭാ നേതൃത്വത്തിന് സാധിച്ചതാണ് കേസില്‍ വിധി ഇത്രയും വൈകാനുള്ള പ്രധാന കാരണം. നിയമം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി പലതരം ഹരജികളിലൂടെ അന്വേഷണം മുന്നോട്ടു പോകുന്നതിന് തടസ്സങ്ങളുണ്ടാക്കാന്‍ പ്രതിസ്ഥാനത്തു നിന്നവര്‍ക്ക് പ്രയാസമുണ്ടായില്ല. ചില ഘട്ടങ്ങളില്‍ നീതിന്യായ സംവിധാനം പോലും സ്വാധീനത്തിന് വഴങ്ങിയതായി ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. ലോഭമില്ലാതെ ചെലവിടാന്‍ പണവും അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ പാകത്തിലുള്ള സംഘബലവുമുണ്ടെങ്കില്‍ നീതിനിര്‍വഹണത്തെ എത്ര വേണമെങ്കിലും വൈകിപ്പിക്കാനോ അട്ടിമറിക്കാനോ പ്രയാസമില്ലെന്നതിന് തെളിവായ കേസുകളിലൊന്നായി അഭയ രേഖപ്പെടുത്തപ്പെടും.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി, സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ച കേസ് നടപ്പായിട്ട് എത്ര കാലമായിട്ടുണ്ടാകും. അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തുകയും അതിന്റെ തുടര്‍ച്ചയായ നിയമ നടപടികള്‍ കോടതികളില്‍ നിന്ന് കോടതികളിലേക്ക് പകരുകയും ചെയ്യാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടായിരിക്കുന്നു. ഹാരിസണിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറിയ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ തന്നെ പലത്. ഒന്നും രണ്ടുമല്ല, അറുപതിനായിരത്തിലധികം ഏക്കര്‍ ഭൂമിയാണ് ഈ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി ആരോപണമുള്ളത്. കേസില്‍ സര്‍ക്കാറിന് വേണ്ടി നല്ല രീതിയില്‍ വാദിച്ചിരുന്ന അഭിഭാഷകയെ തത്്സ്ഥാനത്തു നിന്ന് മാറ്റി, ഹാരിസണിനെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്നുണ്ട് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍.
മൂന്നാറില്‍ ടാറ്റയുള്‍പ്പെടെ വന്‍കിടക്കാര്‍ നടത്തിയ ഭൂമി കൈയേറ്റമൊഴിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ശ്രമം വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ചില റിസോര്‍ട്ടുകളൊക്കെ തച്ചുടച്ച്, സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ ആ സര്‍ക്കാറിന് സാധിക്കുകയും ചെയ്തു. ഒടുവില്‍ സി പി ഐയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഇരിക്കുന്നത് കൈയേറിയ ഭൂമിയിലാണെന്നും തിരികെപ്പിടിക്കണമെന്നും വന്നപ്പോള്‍ മുതല്‍ “മൂന്നാര്‍ ദൗത്യ”മെന്ന് വിശേഷിപ്പിക്കപ്പെട്ട കൈയേറ്റമൊഴിപ്പിക്കലിന്റെ വേഗം കുറഞ്ഞു. വൈകാതെ കോടതി ഇടപെടലുണ്ടായി. ദൗത്യം ഏതാണ്ട് നിലച്ചു. കൈയേറ്റം കണ്ടെത്തി ഭൂമി തിരികെപ്പിടിക്കാന്‍ രൂപവത്കരിക്കപ്പെട്ട മൂന്നാര്‍ ട്രൈബ്യൂണല്‍ പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സ്വാഭാവിക മരണത്തിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീട് അവിടെ നിന്ന് കേട്ട വാര്‍ത്തകളില്‍ പലതും മൂന്നോ നാലോ സെന്റ് ഭൂമിയുടെ ഉടമകളായവരുടെ കൈയേറ്റത്തെക്കുറിച്ചായിരുന്നു. ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് ഇപ്പോഴാരും സംസാരിക്കുന്നു പോലുമില്ല. ഭരണ നേതൃത്വത്തിലുള്ളവര്‍ അത്തരമൊരു സംഗതിയെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്.

ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ്, നെയ്യാറ്റിന്‍കരയിലെ മൂന്ന് സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കി, നീതി ഉറപ്പാക്കാന്‍ നമ്മുടെ ഭരണ സംവിധാനം വലിയ തിടുക്കം കാട്ടിയത്. സാങ്കേതികമായി എല്ലാം ശരിയാണ്. നെയ്യാറ്റിന്‍കര പോങ്ങിലെ ലക്ഷം വീട് കോളനിയിലെ രാജനും ഭാര്യ അമ്പിളിയും താമസിച്ചിരുന്നത്, തന്റെ ഭൂമി കൈയേറിയാണെന്ന് സമീപവാസിയായ വസന്ത എന്ന സ്ത്രീ പരാതി നല്‍കിയിരുന്നു. അവര്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച മുന്‍സിഫ് കോടതിക്ക് ഭൂമിയുടെ യഥാര്‍ഥ ഉടമ വസന്തയാണെന്ന് ബോധ്യപ്പെട്ടിരുന്നു. യഥാര്‍ഥ ഉടമയെന്ന് കോടതിക്ക് ബോധ്യപ്പെട്ടവര്‍ക്ക് ഭൂമി കൈമാറാന്‍ കോടതി അധികൃതര്‍ക്കും പോലീസിനും ഉത്തരവാദിത്വമുണ്ടായിരുന്നു. ഒരിക്കല്‍ ശ്രമിച്ചിട്ട് നടക്കാതെ പോയത് നടത്തിയെടുക്കാനാണ് കഴിഞ്ഞ ദിവസം അവര്‍ വന്നത്. മുന്‍സിഫ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാജന്‍ നല്‍കിയ ഹരജിയില്‍ ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തീരുമാനമെടുത്തേക്കുമെന്ന സ്ഥിതി വന്നപ്പോള്‍, ഉടമസ്ഥയെന്ന് അവകാശപ്പെടുന്നവര്‍ ഇടപെട്ടതുകൊണ്ടാകണം ഒഴിപ്പിക്കല്‍ വേഗത്തില്‍ നടത്താന്‍ കോടതി ഉദ്യോഗസ്ഥരും പോലീസും തീരുമാനിച്ചത്. അതും നിയമപരമായി തെറ്റെന്ന് പറയാനാകില്ല. പക്ഷേ, മൂന്ന് സെന്റില്‍ കെട്ടിയ കൂരയില്‍ നിന്ന് എടുത്തെറിയപ്പെടുന്ന രാജനും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ട് ആണ്‍ കുട്ടികളും എവിടേക്ക് പോകുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ലല്ലോ. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് കിട്ടുമെന്ന് പ്രതീക്ഷയുള്ളതുകൊണ്ടാകണം തത്കാലം അവിടെ തുടരാന്‍ രാജന്‍ തീരുമാനിച്ചിട്ടുണ്ടാകുക. ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്ന് പോലീസിനോടും കോടതി അധികൃതരോടും രാജന്‍ പറയുകയും ചെയ്തു. എന്നിട്ടും ഒഴിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചത്. നാല് മനുഷ്യരെ അവിടെ നിന്ന് പുറത്തിറക്കി വിട്ട്, ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയാല്‍ തീരുന്ന ജോലിയായിരുന്നു അവര്‍ക്ക്.

രാജന്റെയും കുടുംബത്തിന്റെയും കൈവശം പണമുണ്ടായിരുന്നുവെങ്കില്‍, അധികാരത്തെ സ്വാധീനിക്കാന്‍ ശേഷി ഉണ്ടായിരുന്നുവെങ്കില്‍ കോടതി അധികൃതരോ പോലീസോ ആ കൂരക്ക് മുന്നില്‍ വരുമായിരുന്നില്ല. രാജന്റെ ഹരജിയില്‍ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന് പറഞ്ഞ് ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ടവരെ മടക്കുമായിരുന്നു. ഉയര്‍ന്ന കോടതികളിലെ അപ്പീലധികാരം പൗരനുണ്ടെന്നും അതൊക്കെ കഴിയുമ്പോള്‍ മാത്രമേ വസ്തു തര്‍ക്കത്തില്‍ ശരിക്കുള്ള തീരുമാനമാകൂ എന്ന് അവരെ ബോധ്യപ്പെടുത്തുമായിരുന്നു. 21 വയസ്സുള്ള പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തി, കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ ശരിക്കുള്ള അന്വേഷണം നടക്കാന്‍ പോലും വര്‍ഷങ്ങളെടുത്ത രാജ്യത്താണ് മൂന്ന് സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ തീര്‍പ്പ് അതിവേഗം നടപ്പാക്കപ്പെടുന്നത്! അറുപതിനായിരത്തിലധികം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന കേസില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ കിടക്കുന്ന രാജ്യത്താണ് മൂന്ന് സെന്റ് തന്റേതാണെന്ന് വാദിച്ച് രാജനും അമ്പിളിക്കും പെട്രോളില്‍ കുളിച്ച് അഗ്നിയായി മാറേണ്ടിവരുന്നത്. ടാറ്റയുടെ കൈയേറ്റത്തെക്കുറിച്ച് ഒരുവട്ടം പോലും ഓര്‍ക്കാതിരുന്ന വര്‍ഷങ്ങള്‍ക്കൊടുവിലാണ് രാജന്റെയും അമ്പിളിയുടെയും അനാഥരായ മക്കള്‍ക്ക് ഭൂമിയും വീടും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടിവരുന്നത്.
ഇക്കാലത്തിനിടെ എത്ര സമ്പൂര്‍ണ ഭവന പദ്ധതികള്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടാകും? എത്ര ലക്ഷം വീട് പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടാകും? ഭൂമിയില്ലാത്തവര്‍ക്ക് വീട് വെക്കാന്‍ ഭൂമി നല്‍കുമെന്ന വാഗ്ദാനം എത്രകുറി ആവര്‍ത്തിച്ചിട്ടുണ്ടാകും? ലക്ഷം വീടുകള്‍ ഫ്ലാറ്റുകളായി മാറുന്നുവെന്ന മാറ്റമേയുള്ളൂവെന്ന ആക്ഷേപം നേരിടുന്നുണ്ടെങ്കില്‍കൂടി, ഭവനരഹിതരായവര്‍ക്ക് കൂര സമ്മാനിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാനായെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അതുകൊണ്ടുതന്നെ ഒരു പരിധിവരെ വിശ്വസിക്കപ്പെടുന്നുമുണ്ട്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്താല്‍, ഇപ്പറയുന്ന ഭൂ – ഭവന രഹിതര്‍ക്ക് ജീവനോപാധി കൂടി കണ്ടെത്താന്‍ പാകത്തില്‍ ഭൂമി വിതരണം ചെയ്യാനാകുമെന്ന വാദം യുക്തിസഹമാണെന്ന ബോധ്യത്തോടെയാണ്, തത്കാലം കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള കൂരയെന്ന ലൈഫ് മിഷനെ സ്വാഗതം ചെയ്യേണ്ടിവരുന്നത്. അപ്പോഴും ഒരു കണക്കിലും പെടാത്ത രാജന്മാരും അമ്പിളിമാരുമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും കണക്കില്‍പ്പെടാത്തവര്‍. അവരുടെ മുന്നിലേക്ക് ന്യായവിധി വേഗത്തിലെത്തും. ആ വിധി നടപ്പാക്കേണ്ടവരും. ജീവനൊടുക്കുമെന്ന ഒറ്റ ഭീഷണിയേ ഇവര്‍ക്ക് അത്താണിയായുണ്ടാകൂ. രാജന്റെയും അമ്പിളിയുടെയും ശരീരത്തിലേക്ക് തീപടര്‍ന്നത്, അപകടമായി കാണാം. പക്ഷേ, ആ അപകടത്തിന്റെ മുനമ്പിലേക്ക് അവരെ നീക്കിനിര്‍ത്തിയത് നമ്മളെല്ലാവരുമാണ്.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest