International
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; യൂറോപ്പ് ഭീതിയിൽ

വാഷിംഗ്ടണ്‍ | ഇംഗ്ലണ്ടില് ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം നിരവധി യൂറോപ്യന് രാജ്യങ്ങളിലേക്കും പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ, ജപ്പാന് , ഓസ്‌ട്രേലിയ, ലെബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തി. കോവിഡ്-19-ന് കാരണമാകുന്ന വൈറസിന്റെ അതിവേഗം പടരുന്ന വകഭേദമാണിത്.
ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്റ്‌സ്, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച മുതല്‍, ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില് തന്നെ ചൈനയില് നിന്നും യൂറോപ്യന് യൂണിയനില് നിന്നും യാത്ര ചെയ്യുന്നവരെ അമേരിക്ക വിലക്കിയിരുന്നു.
ഡിസംബര്‍ 28 മുതല്‍ രാജ്യത്ത് താമസമുള്ളവരൊഴികെ എല്ലാ വിദേശ പൗരന്മാര്‍ക്കും ജപ്പാന്‍ താത്കാലിക വിലക്ക് ഏര്‍പെടുത്തി. ജനുവരി അവസാനം വരെ ഇത് തുടരും. തലസ്ഥാനമായ ടോക്കിയോയില്‍ കൊറോണവൈറസ് കേസുകളുടെ പുതിയ കുതിപ്പിനിടയില്‍ വെള്ളിയാഴ്ച പുതിയ വകഭേദവും കണ്ടെത്തിയിരുന്നു.
യൂറോപ്പിലും മറ്റു ഭൂഖണ്ഡങ്ങളിലും ഉള്ള രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.