Connect with us

Editorial

കശ്മീരിലെ വിധിയെഴുത്ത് നൽകുന്ന സന്ദേശം

Published

|

Last Updated

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനോട് കശ്മീരികൾക്കുള്ള പ്രതിഷേധം പ്രകടമാക്കുന്നതാണ് ജില്ലാ വികസന കൗൺസിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം. പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള കശ്മീരിലെ ഈ ആദ്യ തിരഞ്ഞെടുപ്പിൽ 280 സീറ്റുകളിൽ 112 എണ്ണം ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കാർ സഖ്യം (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ- പി എ ജി ഡി)നേടി. 20 ജില്ലകളിൽ 13 എണ്ണത്തിന്റെ ഭരണവും കോൺഗ്രസും ഗുപ്കാർ സഖ്യവും ചേർന്ന് സ്വന്തമാക്കി. ഉമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ്, മെഹ്ബൂബ മുഫ്തിയുടെ പി ഡി പി, പീപ്പിൾസ് കോൺഫറൻസ്, സി പി എം, ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ്, അവാമി നാഷനൽ കോൺഫറൻസ്, സി പി ഐ എന്നീ പാർട്ടികൾ ചേർന്നതാണ് ഗുപ്കാർ സഖ്യം. മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തലേനാൾ, 2019 ആഗസ്റ്റ് നാലിന് ഏഴ് പാർട്ടികളുടെയും പ്രമുഖ നേതാക്കൾ ശ്രീനഗറിലുള്ള ഫാറൂഖ് അബ്ദല്ലയുടെ വസതിയിൽ യോഗം ചേർന്നാണ് സഖ്യത്തിന് രൂപം നൽകിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് നേതാക്കൾ പ്രതിജ്ഞയുമെടുത്തു. തങ്ങളുടെ നിലപാടിന് കശ്മീർ ജനത നൽകിയ അംഗീകാരമാണ് പി എ ജി ഡിയുടെ വിജയമെന്ന് ഉമർ അബ്ദുല്ല പ്രസ്താവിച്ചു.

74 സീറ്റുകൾ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 71 സീറ്റുകളും ജമ്മു മേഖലയിലാണ്. കശ്മീർ മേഖലയിൽ മൂന്ന് സീറ്റിലൊതുങ്ങി അവരുടെ വിജയം. ജമ്മുവിൽ തന്നെ സുചേത്ഗഢ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ബി ജെ പിയുടെ മുൻ മന്ത്രിയും പ്രമുഖ നേതാവുമായ ശ്യാം ലാൽ ചൗധരിയുടെ തോൽവി പാർട്ടിക്ക് കനത്ത ആഘാതമാണ്. ജമ്മുവിൽ ഗുപ്കാർ സഖ്യത്തിന് 35 സീറ്റുകളുണ്ട്. കോൺഗ്രസ് 26 സീറ്റുകളിലും സി പി എം അഞ്ച് സീറ്റുകളിലും വിജയിച്ചു. കേരളത്തിലെ ജില്ലാ പഞ്ചായത്തുകൾക്ക് സമാനമാണ് ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിലുകൾ. ഓരോ ജില്ലയിലും (ഡി ഡി സി) 14 മണ്ഡലങ്ങൾ വീതമാണുള്ളത്. ഒക്‌ടോബറിൽ പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള വഴി തുറന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് നാഷനൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഇതോടെ തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം വിജയം നേടാമെന്നുമായിരുന്നു ബി ജെ പി കരുതിയിരുന്നത്. എന്നാൽ കശ്മീരിലെ കക്ഷികൾ ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതോടെ പ്രതീക്ഷക്ക് മങ്ങലേറ്റ ബി ജെ പി, പി എ ജി ഡിക്കും നേതാക്കൾക്കുമെതിരെ വിദ്വേഷ പ്രചാരണം തുടങ്ങി. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞു പി എ ജി ഡി നേതാക്കളെ പ്രചാരണത്തിന് ഇറങ്ങുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തങ്ങൾ നേരിട്ട് വോട്ട് തേടുന്നത് ഒഴിവാക്കാനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു സുരക്ഷാ ഭീഷണിയുണ്ടെന്ന പ്രചാരണമെന്നാണ് പി എ ജി ഡി നേതാക്കൾ പറയുന്നത്. അതേസമയം പി എ ജി ഡി നേതാക്കളല്ലാത്തവർക്ക് വിശിഷ്യാ ബി ജെ പിയുടെയും അവരുടെ തന്നെ സൃഷ്ടിയായ ജമ്മു കശ്മീർ അപ്‌നീം പാർട്ടിയുടെയും നേതാക്കൾക്ക് പ്രചാരണ രംഗത്ത് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. പരസ്യപ്രചാരണത്തിന് അവർക്കാവശ്യമായ എല്ലാ സുരക്ഷയും കേന്ദ്ര ഭരണകൂടം നൽകി. തത്ഫലമായി ബി ജെ പിക്ക് നന്നായി പ്രചാരണം നടത്താനായപ്പോൾ പി എ ജി ഡി നേതാക്കൾക്ക് കുറഞ്ഞ തോതിലേ നേരിട്ട് പ്രചാരണത്തിന് സാധ്യമായുള്ളൂ. ഈ ഇരട്ടത്താപ്പിനെതിരെ പി എ ജി ഡി ചെയർമാൻ ഉമർ അബ്ദുല്ലയും കൺവീനർ മുഹമ്മദ് യൂസുഫ് തരിഗാമിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ കെ ശർമക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കേന്ദ്രത്തിന്റെ ചട്ടുകമാണല്ലോ തിര. കമ്മീഷൻ. പി എ ജി ഡി നേതാക്കൾക്ക് ഇത്രയൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും സഖ്യത്തിനു മികച്ച വിജയം നേടാനായത് മോദി സർക്കാറിനും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുമെതിരെയുള്ള ജനരോഷത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. നേരത്തേ പരസ്പരം പോരടിച്ചിരുന്ന ഏഴ് കക്ഷികൾ ഗുപ്കാർ ജനകീയ സഖ്യത്തിന് കീഴിൽ ഒന്നിച്ചതും ദേശീയ കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പി ഡി പി നേതാവ് വാഹിദ് പാരാ പുൽവാമ ജില്ലയിൽ ബി ജെ പി സ്ഥാനാർഥിക്കെതിരെ മികച്ച വിജയം നേടിയതും കശ്മീരികളുടെ മനസ്സ് എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ജമ്മു കശ്മീർ ഡെവലപ്‌മെന്റ് ആക്ടിലെ 17ാം വകുപ്പ് പ്രകാരം നേരത്തേ കശ്മീരിൽ സ്ഥിര താമസമുള്ളവർക്ക് മാത്രമേ അവിടെ സ്ഥലം വാങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഏഴ് പതിറ്റാണ്ടായി നിലവിലുണ്ടായിരുന്ന ഈ വ്യവസ്ഥയാണ് കഴിഞ്ഞ വർഷം ആഗസ്റ്റോടെ മോദി സർക്കാർ ഇല്ലാതാക്കിയത്. കശ്മീർ ജനതയും അവിടുത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ഈ തീരുമാനത്തിനെതിരാണ്. പുറത്തു നിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാൻ അനുമതി നൽകിയതോടെ കശ്മീരിന്റെ തനത് സംസ്‌കാരം ഇല്ലാതാകുമെന്ന് കശ്മീരികൾ ആശങ്കിക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് വിഭിന്നമായ ജീവിത രീതി പിന്തുടരുന്നവരാണ് കശ്മീർ ജനത. പുറത്തു നിന്നുള്ളവർ ഇവിടെ കുടിയേറുന്നതോടെ അതിന് കാതലായ മാറ്റം സംഭവിക്കും. വ്യവസ്ഥകൾക്ക് വിധേയമായാണെങ്കിലും പുറമേ നിന്നുള്ളവർ താഴ്‌വരയിൽ കൃഷിഭൂമി ഉൾപ്പെടെ സ്ഥലം വാങ്ങിക്കൂട്ടുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കശ്മീർ ജനതയെ ചൂഷണം ചെയ്യുന്നതടക്കം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്‌ലാമിക ജീവിതരീതിയുമായി ഇഴയടുപ്പമുള്ള കശ്മീരി സംസ്‌കാരം ഹിന്ദുത്വ ഫാസിസത്തിന് തീരെ ദഹിക്കുന്നില്ല. ഭീഷണിയിലൂടെയും അക്രമത്തിലൂടെയും സംഘ്പരിവാർ ശക്തികൾ ഭൂമി വാങ്ങിക്കൂട്ടി കശ്മീരിൽ ഹിന്ദുത്വ ഫാസിസം സ്ഥാപിക്കാനുള്ള പദ്ധതികൾ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഇതിനകം തയ്യാറായിക്കഴിഞ്ഞിരിക്കും. ഇതിനെതിരെ ജനാധിപത്യപരമായ ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest