Kerala
ഔഫിന്റെ ജീവനെടുത്ത ലീഗ് ഗുണ്ടകളുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവര്‍ത്തകനായ കല്ലുരാവിയില്‍ അബ്ദുര്‍റഹ്മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ള ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഔഫിന്റെ നെഞ്ചില്‍ കഠാര കുത്തിയറിക്കാന്‍ മുഖ്യപ്രതി ഇര്‍ഷാദിനെ സഹായിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എം എസ് എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റൗഫിനെ കൊലപ്പെടുത്താന്‍ ഇര്‍ഷാദിന് എല്ലാ സഹായവും ഇവര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ ഔഫിനെ കൊലപ്പെടുത്തിയതാണ് പോലീസ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ലീഗിനേറ്റ തോല്‍വിയാണ് പ്രകോപനം. ഔഫിനെ കുത്തിയ പ്രതികള്‍ക്ക് ലീഗ് ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. പല ലീഗ് നേതാക്കള്‍ക്കൊപ്പം മുഖ്യപ്രതി ഇര്‍ഷാദ് നില്‍ക്കുന്ന ഫോട്ടോകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊലക്ക് പിന്നിലെ ഗൂഢാലോചനയും പുതുതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി 10.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ ബാവ നഗറിലേക്ക് പോകുന്നതിനിടയില്‍ മുണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി റൗഫിനെ കുത്തിക്കൊന്നത്. കഠാരകൊണ്ട് നെഞ്ചിനേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ചോര വാര്‍ന്നാണ് ഔഫ് മരിച്ചത്.