Connect with us

National

രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നു: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷക ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായും വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പിഎം കിസാന്‍ നിധിയുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കര്‍ഷ സമരത്തിന്റെ മറവില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട കമ്പനികള്‍ കരാറുകളിലൂടെ കൃഷിഭൂമി തട്ടിയെടുക്കുന്നുവെന്ന് അവര്‍ അഭ്യൂഹം പ്രചരിപ്പിക്കുകയാണ്. തുറന്ന മനസ്സോടെയാണ് കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കേരളത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുന്നു. സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാന്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ മണ്ഡികളുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്? -പ്രധാനമന്ത്രി ചോദിച്ചു.

ബംഗാളിലെ മമതാ ബാന്‍ജി സര്‍ക്കാറിനെതിരെയും മോദി വിമര്‍ശനശരമെയ്തു. ബംഗാളില്‍ കിസാന്‍ നിധി നടപ്പാക്കിയിട്ടില്ലെന്നും അതിനോട് അവര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.