Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും

Published

|

Last Updated

മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ മുസ്ലിംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. യു ഡി എഫിന് കുഞ്ഞാലിക്കുട്ടി അനിവാര്യമാണ്. കുഞ്ഞാലിക്കുട്ടി അധികാരം പിടിക്കാന്‍ വരുമെന്ന കാര്യം വ്യക്തമാണ്. എസ് ഡി പി ഐ- സി പി എം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ഇ ടി സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പാര്‍ട്ടിവിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേയും തീരുമാനം. ഇക്കാര്യം പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലീഗും ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് യു ഡി എഫില്‍ സീറ്റ് വിഭജനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടായത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. മലബാറില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നും മധ്യകേരളത്തിലെ തകര്‍ച്ചക്ക് ഇതും കാരണമായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിന്റെ സമ്മര്‍ദത്തിന് അനുസരിച്ച് കോണ്‍ഗ്രസും യു ഡി എഫും നിലപാട് എടുക്കുമോയെന്നത് കണ്ടെറിയേണ്ടതാണ്.

യു ഡി എഫിന്റെ നയനിലപാടുകളില്‍ ലീഗിന്റെ സ്വാധീനമാണ് പ്രധാനമെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമായുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ലീഗ് അഭിപ്രായം പറയുന്നതായ വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്തിരുന്നു. ഇതുപോലെ സമ്മര്‍ദ തന്ത്രത്തിലൂടെ ഇത്തവണ കൂടുതല്‍ സീറ്റും നേടാമെന്നാണ് ലീഗ് കരുതുന്നത്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വരെ കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നതാണ് റിപ്പോര്‍ട്ട്. ഭരണം ലഭിക്കാതെ, പ്രതിപക്ഷത്തെ വലിയ കക്ഷിയായല്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം മുന്‍നിര്‍ത്തികൂടിയാണ് മലബാറിന് പുറത്തും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നത്.

 

 

Latest