ലീഗ് കൊലക്കത്തി താഴെ വെക്കണം

Posted on: December 25, 2020 6:44 am | Last updated: December 25, 2020 at 4:14 pm

മുസ്‌ലിം ലീഗിന്റെ കൊലക്കത്തിക്ക് ഒരു സുന്നി പ്രവര്‍ത്തകന്‍ കൂടി ഇരയായിരിക്കുന്നു. കാഞ്ഞങ്ങാട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഓടെ സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് കല്ലൂരാവി പഴയ കടപ്പുറം റോഡില്‍ വെച്ച് ലീഗുകാര്‍ തടഞ്ഞുനിര്‍ത്തി നിഷ്ഠൂരമായി അക്രമിച്ചത്. നെഞ്ചില്‍ ഗുരുതരമായി ആഴത്തില്‍ കുത്തേറ്റ അബ്ദുര്‍റഹ്മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കല്ലൂരാവി കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും ആഇശയുടെയും മകനായ അബ്ദുര്‍റഹ്മാന്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് സംഭവം നടക്കുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഔഫിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുഐബ് മൊഴി നല്‍കിയിട്ടുണ്ട്.
അക്രമ രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും ഭൂഷണമല്ല. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനവും നന്മയും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. ആത്മീയ വ്യക്തിത്വങ്ങളാണ് അതിന്റെ നേതൃനിരയില്‍. എന്നാല്‍ ജനസേവനത്തിനും സമുദായോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും പകരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പാര്‍ട്ടി അണികളില്‍ കണ്ടുവരുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ് പലപ്പോഴും പുറത്തെടുക്കുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണം വരെ നടത്തി വരുന്നു അവര്‍. 2013 ഒക്‌ടോബറില്‍ കണ്ണൂര്‍ പാനൂരിലെ പാറാട് മുസ്‌ലിം ലീഗ് ഓഫീസിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനമെന്നും കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മാണമെന്നുമാണ് ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. നിരവധി പള്ളികളും സുന്നി മദ്‌റസകളും ഇതര പാര്‍ട്ടി ഓഫീസുകളും ഇവരുടെ ആക്രമണത്തിനിരയായിട്ടുണ്ട്.

കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസ്സുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ലീഗാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അടിയന്തരാവസ്ഥ കാലത്ത് നിരോധിക്കപ്പെടുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിംഗാണ് വെല്‍ഫെയര്‍ പാര്‍ട്ടി. നിരോധിത തീവ്രവാദ സംഘടനയായ എന്‍ ഡി എഫിന്റെ മറ്റൊരു പതിപ്പാണ് എസ് ഡി പി ഐ. ഈ രണ്ട് സംഘടനകളെയും സൂക്ഷിക്കണമെന്നും ഇവരുമായി സഹകരിക്കരുതെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ സമുദായത്തെ ഉണര്‍ത്തിയതാണ്. എന്നിട്ടും മുസ്‌ലിം ലീഗ് നേതൃത്വം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കി.
ജനാധിപത്യ വ്യവസ്ഥിതിയില്‍ യാതൊരു വിശ്വാസവുമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖംമൂടിയണിയാന്‍ അവസരമൊരുക്കി എന്നതില്‍ കവിഞ്ഞ് ലീഗിനോ യു ഡി എഫിനോ ഈ ബന്ധം ഒരു ഗുണവും ചെയ്തുമില്ല. എന്നാലും ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചാല്‍ അത് ലീഗിന് സഹിക്കില്ല. വിമര്‍ശകരെ മുസ്‌ലിം വിരുദ്ധരായി മുദ്ര കുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യും. കേരളത്തിലെ മുജാഹിദ് കേന്ദ്രങ്ങള്‍ ആഗോള തീവ്രവാദ സംഘടനയായ ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന വിവരം പുറത്തുവന്നപ്പോള്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കാനും ലീഗായിരുന്നു മുന്‍പന്തിയില്‍. അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രവാദിയും ഭീകരവാദത്തിന് സഹായിക്കുന്ന ആളുമായി ചിത്രീകരിക്കാന്‍ രംഗത്തുവന്ന ലീഗ് സലഫിസ്റ്റ് പ്രചാരകനായ സാക്കിര്‍ നായിക്കിന് പ്രതിരോധം തീര്‍ക്കാന്‍ എത്ര വേഗത്തിലാണ് രംഗത്തെത്തിയത്.

ALSO READ  ഫഖ്‌രിസാദേഹിന്റെ വധവും പ്രത്യാഘാതങ്ങളും

സമൂഹത്തിന്റെ ഉന്നമനം, ഐക്യം തുടങ്ങി നല്ല ലക്ഷ്യത്തോടെ രാഷ്ട്രീയമായി സംഘടിച്ചെങ്കില്‍ മാത്രമേ ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനാകുകയുള്ളൂവെന്ന കാഴ്ചപ്പാടിലാണ് ആദ്യ കാല നേതാക്കള്‍ മുസ്‌ലിം ലീഗിന് രൂപം നല്‍കിയത്. പില്‍ക്കാലത്ത് സമുദായത്തില്‍ ശൈഥില്യം സൃഷ്ടിക്കാന്‍ രംഗത്തുവന്ന തിരുത്തല്‍വാദ സംഘടനകളുടെ വക്താക്കള്‍ തന്ത്രപരമായി പാര്‍ട്ടിയുടെ കുഞ്ചിക സ്ഥാനങ്ങളില്‍ എത്തിപ്പെട്ടതോടെയാണ് പാര്‍ട്ടിക്ക് മര്‍ഗച്യുതി സംഭവിക്കാന്‍ തുടങ്ങിയത്. സുന്നി വിഭാഗത്തിലെ പ്രബല വിഭാഗത്തെ അകറ്റി നിര്‍ത്താനും സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ കൊലക്കത്തി ഉയര്‍ത്താനും ഇടയാക്കിയത് സലഫിസ്റ്റ് സ്വാധീനമാണ്.

കാഞ്ഞങ്ങാട്ടെ അബ്ദുര്‍റഹ്മാന്‍ ഔഫിനു മുമ്പ് അമ്പലക്കണ്ടി അബ്ദുല്‍ഖാദിര്‍, കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ പുത്രന്‍ കുഞ്ഞു, മണ്ണാര്‍ക്കാട് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, നൂറുദ്ദീന്‍ തുടങ്ങി നിരവധി സുന്നി പ്രവര്‍ത്തകർ ലീഗുകാരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്.
ലീഗിന് സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ നാണംകെട്ട തോല്‍വിയാണ് കാഞ്ഞങ്ങാട്ടെ കൊലപാതകത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്തല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കേണ്ടതെന്ന രാഷ്ട്രീയത്തിന്റെ ബാലപാഠം ഇവര്‍ അഭ്യസിക്കേണ്ടതുണ്ട്.