Kerala
ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി; നടപടി ജാമ്യം തടയാന്‍

കൊച്ചി | എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ സ്വാഭാവിക ജാമ്യം തടയാനാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജ് വരുന്നതാണ് കുറ്റപത്രം.
ശിവശങ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ കമ്മീഷനായി ശിവശങ്കര്‍ സമ്പാദിച്ചുവെന്നാണ് ഇ ഡിയുടെ ആരോപണം. ശിവശങ്കര്‍ക്കെതിരെയുള്ള ഇ ഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.
അതേസമയം, കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കറിനെതിരെയുള്ള അന്വേഷണം തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെതിരെ ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.