National
ചര്‍ച്ചക്ക് സന്നദ്ധം, സര്‍ക്കാര്‍ വരേണ്ടത് തുറന്ന മനസ്സോടെയെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പുതിയ കൃഷി നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അറിയിച്ചു. അതേസമയം, തുറന്ന മനസ്സോടെയും സ്വീകാര്യമായ നിര്‍ദേശങ്ങളോടെയുമായിരിക്കണം കേന്ദ്രം ചര്‍ച്ചക്ക് വേണ്ടി വരേണ്ടതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്ന സംഘടനകളിലൊന്നായ സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്ര യാദവ് ആണ് ഇക്കാര്യം അറിയിച്ചത്.
തുറന്ന മനസ്സോടെ ചര്‍ച്ചക്ക് വരുന്ന സര്‍ക്കാറിനെ കാത്തരിക്കുകയാണ്. കര്‍ഷകര്‍ തള്ളിക്കളഞ്ഞ ഭേദഗതികളെന്ന നിര്‍ദേശം സര്‍ക്കാര്‍ ആവര്‍ത്തിക്കരുത്. രേഖാമൂലമുള്ള നിര്‍ദേശങ്ങളുമായി വേണം ചര്‍ച്ചാ മേശയുടെ സമീപത്തെത്താനെന്നും യാദവ് പറഞ്ഞു.
നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന നിര്‍ദേശം സ്വീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് മറ്റൊരു കര്‍ഷക നേതാവ് ശിവ് കുമാര്‍ കക്ക പറഞ്ഞു. ചര്‍ച്ചക്ക് അനുയോജ്യ അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിക്കണം. കേന്ദ്ര സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.