Connect with us

Kerala

സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്ന് നിലപാടില്ല; സമന്വയത്തിലൂടെ നടപ്പാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഈ വിഷയത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യു ഡി എഫ് ഇറക്കിയ പ്രകടന പത്രികയിൽ വ്യക്തമായ നിലപാട് പറയുന്നുണ്ട്. സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നൊന്നുമല്ല അതില്‍ പറഞ്ഞതെന്നും മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

നടപ്പാക്കുമ്പോൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ ഒരു സമന്വയം ഉണ്ടാക്കണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ആളുകളുമായി അതിന് വേണ്ട ചര്‍ച്ച ഞങ്ങള്‍ നടത്തും. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വാസം ആർജിക്കും.

ഇടതുപക്ഷം ഇപ്പോള്‍ നടപ്പാക്കിയതു പോലെയല്ല വേണ്ടത്. ഇടതുപക്ഷം നടപ്പാക്കിയതിനോട് എന്‍ എസ് എസ് യോജിക്കുന്നില്ലല്ലോ. എന്താ കാരണം? അത് കൊടുക്കാന്‍ വേണ്ടിയിട്ടല്ല. കാലാവധി അവസാനിക്കാറായപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രഖ്യാപനം നടത്തി എല്ലാവരെയും തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ആത്മാര്‍ഥമായി ആ കാര്യത്തില്‍ ചര്‍ച്ച നടത്തി കൂട്ടായ തീരുമാനമെടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി സർക്കാർ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ മുന്നിൽനിന്ന് ശക്തിയുക്തം എതിർത്തിരുന്നു മുസ്ലിം ലീഗ്. സമാനമനസ്കരുടെ യോഗവും ലീഗ് വിളിച്ചിരുന്നു.